കൂ​ത്താ​ട്ടു​കു​ളത്ത് കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക നാ​ശം

കൂത്താട്ടുകുളം: കാറ്റിലും മഴയിലും വ്യാപക നാശം. കൂത്താട്ടുകുളം നഗരസഭ പ്രദേശത്തും തിരുമാറാടി, പാലക്കുഴ, ഇലഞ്ഞി പഞ്ചായത്തുകളിലുമായി ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. കൂത്താട്ടുകുളം നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ കാറ്റിനെ തുടര്‍ന്ന് വീടുകളുടെ മേല്‍ക്കൂര പറന്നു പോകുകയും മരങ്ങള്‍ ഒടിഞ്ഞുവീണ് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഇതോടൊപ്പം വ്യാപക കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരമുണ്ടായ കാറ്റില്‍ കൂത്താട്ടുകുളത്ത് സ്വകാര്യ ഹോട്ടലിന്റെ പ്രധാന ബോര്‍ഡ് നിലം പതിച്ചു. ബോര്‍ഡിന് കീഴിലിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകളുണ്ടായി. ഇടയാര്‍ കവലയ്ക്ക് സമീപം വീടിന്റെ മുകളിലെ ഷീറ്റ് മേഞ്ഞഭാഗം പറന്ന് സമീപത്തെ വീടിന് മുകളിലേക്ക് വീണു. നഗരസഭയില്‍ ചെമ്പോന്തയില്‍ ജോയിക്കുട്ടി ജോണ്‍, തോമസ് കുട്ടി എന്നിവരുടെ പുരയിടത്തിലെ മരം റോഡിലേക്ക് മറഞ്ഞുവീണു. പല ഇട റോഡുകളിലും മരം വീണ് ഗതാഗതം സ്തംഭിച്ചു. മരം വീണതിനെ തുടര്‍ന്ന് മേഖലയിലെ വൈദ്യുതി ബന്ധം ഭാഗികമായി നിലച്ചു. രാത്രി ഏറെ വൈകിയും രാവിലെയുമായി കൂത്താട്ടുകുളം ഫയര്‍ ആന്റ് റസ്‌ക്യൂ സേന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ജെ. രാജേന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ രണ്ട് വാഹനങ്ങളിലായി രക്ഷാപ്രവര്‍ത്തനം നടത്തി. നാശനഷ്ടമുണ്ടായ പ്രദേശങ്ങള്‍ നഗരസഭ അധികൃതര്‍ സന്ദര്‍ശിച്ചു. കാലാവസ്ഥാ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മേഖലയില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുനീക്കി. ഇതോടൊപ്പം പ്രധാന റോഡുകളിലേക്ക് നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുനീക്കാനുള്ള നോട്ടീസ് നല്‍കിയിട്ടുണ്ട്.

തിരുമാറാടി പഞ്ചായത്തിലെ വാളിയപ്പാടത്ത് കോവൂര്‍ പുത്തന്‍പുരയില്‍ സിറിയക് ജോണിന്റെ വാഴക്കൃഷി പൂര്‍ണമായും നശിച്ചു. രണ്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കൃഷി ഉടമ പറഞ്ഞു. പഞ്ചായത്തിലൂടെ കടന്നുപോകുന്ന കുമരകം കമ്പംമേട്ട് ഹൈവേയില്‍ ഒലിയപ്പുറം ഉപ്പുകണ്ടം പ്രദേശങ്ങളില്‍ ചേലപ്പുറം താഴം, നിരപ്പത്താഴം, കുഴിക്കാട്ടുകുന്ന് എന്നിവിടങ്ങളിലായി ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞ് വീണ് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തു. കാറ്റില്‍ മരങ്ങളും വൈദ്യുത പോസ്റ്റുകളും വീണ് ഒലിയപ്പുറം ഉപ്പുകണ്ടം റോഡിലെ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. പഞ്ചായത്തംഗം നെവിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടേയും മണിക്കൂറുകള്‍ നീണ്ട കൂട്ടായ പരിശ്രമത്തോടെ മരങ്ങള്‍ മുറിച്ചു നീക്കി റോഡ് ഭാഗികമായി ഗതാഗത യോഗ്യമാക്കി.ഇതിനിടയില്‍ റോഡില്‍ വീണ മരങ്ങള്‍ക്കിടയിലേക്ക് ഇരുചക്ര വാഹന യാത്രികന്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ചുകയറി അപകടം ഉണ്ടായി. ബൈക്ക് യാത്രികനെ കൂത്താട്ടുകുളത്തെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. ഒലിയപുറം വെട്ടിക്കാട്ടുപാറ റോഡിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. കുഴിക്കാട്ടുകുന്ന് കുരുന്‌പേതാഴത്ത് ലീലയുടെ വീടിന് മുകളിലേക്ക് റബര്‍ മരം വീണത് ഫയര്‍ഫോഴ്‌സ് എത്തി രാത്രിയില്‍ മുറിച്ചു നീക്കി. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ഒലിയപ്പുറം പ്രദേശത്ത് ഉണ്ടായത്. ഇലഞ്ഞി പഞ്ചായത്തിലെ മുത്തോലപുരം കാരാക്കുഴി തങ്കച്ചന്‍ ദേവസ്യ, പുത്തന്‍പുര മാത്യു ജോസഫ്, കിഴക്കേ പുരയിടത്തില്‍ ആന്‍ഡ് അഗസ്റ്റിന്‍, നാടുകുന്നേല്‍ ജാസ്മിന്‍ തോമസ്, പറയടത്തില്‍ ക്രിസ്റ്റഫര്‍, അരഞ്ഞാണിയില്‍ പ്രിന്‍സ് ജോര്‍ജ് എന്നിവരുടെ വീടുകള്‍ക്ക് കേടുപാടുകളുണ്ടായി.

 

Back to top button
error: Content is protected !!