വീടുകളിൽ വോട്ട്’ നടപടികൾ അവസാന ഘട്ടത്തിലേക്ക്

കൊച്ചി: 85 വയസ്സു പിന്നിട്ട മുതിർന്ന വോട്ടർമാർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കും വീടുകളിൽതന്നെ വോട്ട് രേഖപ്പെടുത്താനുള്ള നടപടികൾ അവസാന ഘട്ടത്തിലേക്ക്. അസന്നിഹിത (അബ്സെന്റീ) വോട്ടർമാരുടെ പട്ടികയിൽപ്പെടുത്തി 12-ഡി അപേക്ഷാഫോം ബി.എൽ.ഒ. മുഖേന വിതരണം ചെയ്യുന്നതിനുള്ള നടപടികളാണ് പൂർത്തിയായി കൊണ്ടിരിക്കുന്നത്. ആവശ്യസർവീസുകളിൽ ഉൾപ്പെട്ടിട്ടുള്ളവർ, 85 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവരെയാണ് 1961-ലെ തിരഞ്ഞെടുപ്പ് ചട്ടപ്രകാരം അസന്നിഹിത വോട്ടർമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 12-ഡി ഫോമിൽ നിർദിഷ്ട വിവരങ്ങൾ രേഖപ്പെടുത്തി റിട്ടേണിങ് ഓഫീസർമാർക്കു സമർപ്പിക്കുന്നവരുടെ അപേക്ഷകളാണു വോട്ട് രേഖപ്പെടുത്താൻ പരിഗണിക്കുക. താമസസ്ഥലത്തുവച്ചുതന്നെ തപാൽ വോട്ടുചെയ്യുന്നതിന് ക്രമീകരണം ഏർപ്പെടുത്തും. രണ്ടു പോളിംഗ് ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്‌സർവർ, വീഡിയോഗ്രാഫർ, സുരക്ഷാ ഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന സംഘമായിരിക്കും വോട്ടു രേഖപ്പെടുത്താനായി താമസസ്ഥലത്ത് എത്തുക. ബി.എൽ.ഒമാർ വീടുകൾ സന്ദർശിക്കുന്ന സമയത്ത് വോട്ടർ സ്ഥലത്തില്ലെങ്കിൽ വിജ്ഞാപനം വന്ന് അഞ്ചുദിവസത്തിനുള്ളിൽ വീണ്ടും സന്ദർശിക്കണമെന്നാണ് ചട്ടം. ഭിന്നശേഷിക്കാർ 12-ഡി അപേക്ഷാ ഫോമിനൊപ്പം അംഗീകൃത ഡിെസബിലിറ്റി സർട്ടിഫിക്കേറ്റ് (40 ശതമാനം) സമർപ്പിക്കേണ്ടതുണ്ട്.

Back to top button
error: Content is protected !!