കോണ്‍ഗ്രസ്സ് പ്രകടന പത്രികയില്‍ ജനജീവിതത്തിനെതിരായ അതീവ ഗുരുതര പരാമര്‍ശങ്ങള്‍: എല്‍ഡിഎഫ്

തൊടുപുഴ: 2024 ലോക്‌സഭ തെരഞ്ഞെടുപ്പിനായി അഖിലേന്ത്യ കോണ്‍ഗ്രസ്സ് നേതൃത്വം പുറത്തിറക്കിയ ന്യായ് പത്ര പ്രകടന പത്രികയില്‍ ജനജീവിതത്തിനെതിരായ അതീവ ഗുരുതര പരാമര്‍ശങ്ങള്‍ അടങ്ങിയിട്ടുള്ളതായി എല്‍ഡിഎഫ് ഇടുക്കി ലോക്‌സഭ മണ്ഡലം കമ്മറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഗാഡ്ഗില്‍ സമാന സമിതിക്ക് രൂപം നല്‍കി വീണ്ടും പശ്ചിമഘട്ട ജനതയെ വളഞ്ഞ് പിടിച്ച് കുടിയിറക്കാനുള്ള ആസൂത്രിത നീക്കമാണ് പ്രകടന പത്രികയില്‍ നടത്തിയിട്ടുള്ളത്. വന വിസ്തൃതി വ്യാപിപ്പിക്കാന്‍ വേണ്ടി കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ കൊണ്ടുവന്ന പദ്ധതികളെ ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തില്‍ ജനങ്ങളെ അണിനിരത്തി ചെറുത്ത് തോല്‍പ്പിച്ചിരുന്നു. ഗാഡ്ഗില്‍, ബഫര്‍സോണ്‍, എച്ച്ആര്‍എംഎല്‍ ഉള്‍പ്പടെയുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടുപോയത് പുതിയ പ്രകടന പത്രികയിലൂടെ ഒളിച്ചു കടത്താനാണ് കോണ്‍ഗ്രസ്സ് അഖിലേന്ത്യ നേതൃത്വം ഗൂഢനീക്കം നടത്തിയിട്ടുള്ളത്. പ്രകടന പത്രികയുടെ പത്താം ഭാഗത്ത് പരിസ്ഥിതിയെ കുറിച്ചുള്ള വിശദീകരണത്തിലാണ് 1, 5, 10, 13 ഖണ്ഡികകളിലായി കേരള ജനതയ്‌ക്കെതിരായി അതീവ ഗുരുതരമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2015 നും 2020 നുമിടയില്‍ ലോകത്തില്‍ ബ്രസീല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വനവിസ്തൃതി കുറഞ്ഞുപോയ രാജ്യം ഇന്ത്യയാണെന്നും അതുകൊണ്ട് വനവിസ്തൃതി വ്യാപിപ്പിക്കുമെന്നും പ്രകടന പത്രിക മുന്നോട്ട് വെയ്ക്കുന്നു. ഇതിനായി പരിസ്ഥിതി സംരക്ഷണ അതോറിറ്റി കൊണ്ടുവരുമെന്നും കോണ്‍ഗ്രസ്സ് പ്രഖ്യാപിക്കുന്നു.

കേരളത്തില്‍ 30 ശതമാനത്തോളം വനമാണ്. ഇനിയും ഒരിഞ്ച് കൃഷിയിടം പോലും വനവല്‍ക്കരണത്തിനായി വിട്ടു നല്‍കാന്‍ അനുവദിക്കില്ലെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ 25000 ഏക്കര്‍ കൃഷിസ്ഥലം വനമാക്കി മാറ്റുന്നതിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയായിരിക്കെ ജയറാം രമേശും സംസ്ഥാന വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കൊണ്ടു വന്ന അന്താരാഷ്ട്ര വനവല്‍ക്കരണ പദ്ധതിയായ എച്ച്ആര്‍എംഎല്‍ എല്‍ഡിഎഫും അഡ്വ. ജോയ്‌സ് ജോര്‍ജ്ജും ഉയര്‍ത്തിയ പ്രതിരോധത്തിലൂടെ നടപ്പാക്കാതെ കോണ്‍ഗ്രസ്സിന് പിന്‍വാങ്ങേണ്ടി വന്നു. ഇത്തരം പദ്ധതികള്‍ വീണ്ടും കൊണ്ടുവരാനാണ് കോണ്‍ഗ്രസ്സ് പ്രത്യേക അതോറിറ്റി രൂപീകരിക്കുമെന്ന് പ്രകടന പത്രികയില്‍ വ്യക്തമാക്കുന്നത്. ന്യായ് പത്രയില്‍ പറയുന്ന മറ്റൊരു കാര്യം മലയോര ജില്ലകളിലെ മണ്ണിടിച്ചില്‍ തടയുന്നതിനെ കുറിച്ച് പഠനം നടത്താന്‍ ഉന്നതാധികാര സമിതിയെ നിയോഗിക്കുമെന്നാണ്. അക്ഷരാര്‍ത്ഥത്തില്‍ മറ്റൊരു ഗാഡ്ഗില്‍ കമ്മറ്റിയെ കൊണ്ടുവരാനാണ് കോണ്‍ഗ്രസ്സ് കേന്ദ്ര നേതൃത്വം ശ്രമിക്കുന്നത്. ദുരന്ത നിവാരണ പരിഗണന മനുഷ്യന് മാത്രമല്ല വന്യജീവികള്‍ക്കും തുല്യമാണെന്ന് കോണ്‍ഗ്രസ്സ് പത്രിക അസന്നിഗ്ധമായി വ്യക്തമാക്കുന്നു. വന്യ ജീവികള്‍ക്ക് മനുഷ്യനോടൊപ്പം തന്നെ തുല്യ പരിഗണന നല്‍കണമെന്ന കോണ്‍ഗ്രസ്സ് വാദം വന്യജീവി ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്ന ലക്ഷക്കണക്കായ കര്‍ഷകരോടുള്ള വെല്ലുവിളിയാണ്. ഈ പ്രകടന പത്രിക മുന്നോട്ട് വയ്ക്കുന്ന കോണ്‍ഗ്രസ്സ് പ്രതിനിധി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇടുക്കിയില്‍ മനുഷ്യവാസം സാധ്യമല്ലാതാകുമെന്ന് വ്യക്തമാവുകയാണ്.

ഇടുക്കിയിലെ പച്ചപ്പില്‍ കണ്ണുവെച്ച് അന്താരാഷ്ട്ര ഫണ്ടിനുവേണ്ടി കോണ്‍ഗ്രസ്സ് നടത്തിയ എല്ലാ നീക്കങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് പുതിയ തന്ത്രങ്ങള്‍ മെനയുന്നത്. കാലങ്ങളായി കോണ്‍ഗ്രസ്സ് തുടര്‍ന്നു വരുന്ന കപട പരിസ്ഥിതി വാദികള്‍ക്ക് അനുകൂലമായ നിലപാടുകള്‍കൊണ്ടാണ് വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിനകത്ത് പ്രക്ഷോഭം സംഘടിപ്പിക്കാന്‍ കേരളത്തില്‍ നിന്ന് പോയ യുഡിഎഫ് 18 എംപിമാര്‍ക്കും കഴിയാതെ പോയത്.ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ അന്താരാഷ്ട്ര ഫണ്ടിനുവേണ്ടി കോണ്‍ഗ്രസ്സ് തുടര്‍ന്നുവരുന്ന നയങ്ങളാണ് ഇടുക്കി ജില്ലയിലെ ജനങ്ങളുടെ സ്വതന്ത്ര ജീവിത്തത്തെ തടസ്സപ്പെടുത്തിയത്. 1972 ലെ വന്യജീവി സംരക്ഷണ നിയമം, 1973 ലെ കടുവ സങ്കേതങ്ങള്‍ വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതി (ടൈഗര്‍ പ്രോജക്ട്) 1980 ലെ വന സംരക്ഷണ നിയമം, 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം, 2010 ലെ ഗാഡ്ഗില്‍ കമ്മറ്റി, 2012 ലെ വനാതിര്‍ത്തികളുടെ 2 കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ തീരുമാനം തുടങ്ങിയവയാണ് കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ കൊണ്ടുവന്ന പശ്ചിമഘട്ടത്തിലെ ജനജീവിതത്തിനെതിരായ മരണ വാറന്റുകള്‍. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ഇടുക്കി മണ്ഡലത്തിലെ ജനങ്ങള്‍ക്കുവേണ്ടി പാര്‍ലമെന്റിനകത്തും പുറത്തും അതിശക്തമായ പോരാട്ടം നടത്തിയ അഡ്വ. ജോയ്‌സ് ജോര്‍ജ്ജാണ് ജനങ്ങളുടെ ആകെ പ്രതീക്ഷയെന്നും ജോയ്‌സ് ജോര്‍ജ്ജിന്റെ വിജയം സുനിശ്ചിതമായിക്കഴിഞ്ഞുവെന്നും നേതാക്കള്‍ പറഞ്ഞു. മലയോര ജില്ലകളിലെ ജനങ്ങളെ കുടിയൊഴിപ്പിച്ച് വനവിസ്തൃതി വ്യാപിപ്പിക്കാന്‍ ആഹ്വാനം ചെയ്യുകയും പരിസ്ഥിതി അതോറിറ്റിയും ഹൈലെവല്‍ കമ്മറ്റിയും രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുള്ള കോണ്‍ഗ്രസ്സ് പ്രകടന പത്രികയ്‌ക്കെതിരെ ജില്ലയിലുടനീളം പ്രതിഷേധ ജ്വാല സംഘടിപ്പിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ്സ് എംപിമാരുടെ കൂടി അഭിപ്രായം ആരാഞ്ഞാണ് കേന്ദ്ര നേതൃത്വം പ്രകടന പത്രിക തയ്യാറാക്കിയത്. വനവിസ്തൃതി വ്യാപിപ്പിക്കണമെന്നും വന്യജീവികള്‍ക്ക് മനുഷ്യന് തുല്യമായ പരിഗണന നല്‍കണമെന്നുമുള്ള പ്രകടന പത്രിക പ്രിന്റിംഗ് നടന്നുകൊണ്ടിരിക്കെയാണ് കോതമംഗലത്ത് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ട വൃദ്ധയുടെ മൃതദേഹം ഡീന്‍ കുര്യാക്കോസ് മോര്‍ച്ചറിയില്‍ നിന്ന് മോഷ്ടിച്ചു കൊണ്ടോടിയതെന്നും കോണ്‍ഗ്രസ്സിന്റെ കാപട്യം എത്ര ആഴത്തിലുള്ളതാണെന്ന് ഇതില്‍ നിന്നും വ്യക്തമാകുകയാണെന്നും നേതാക്കള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ എല്‍ഡിഎഫ് ഇടുക്കി ലോക്‌സഭ മണ്ഡലം കമ്മറ്റി ഭാരവാഹികളായ കെ.കെ. ശിവരാമന്‍, സി.വി. വര്‍ഗീസ്, കെ. സലിംകുമാര്‍, കെ.ഐ. ആന്റണി, അനില്‍ കൂവപ്ലാക്കല്‍, പോള്‍സണ്‍മാത്യു, ജോര്‍ജ്ജ് അഗസ്റ്റിന്‍, പി.കെ. വിനോദ്, കെ.എം. ജബ്ബാര്‍, സി. ജയകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!