പ്രതിസന്ധിയിലായി നെല്ലിക്കുഴിയിലെ ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണ – വ്യാപാര മേഖല

കോതമംഗലം: അപ്രഖ്യാപിത വൈദ്യുത വിച്ഛേദവും, വോള്‍ട്ടേജ് ക്ഷാമവും, കടുത്ത ചൂടും നെല്ലിക്കുഴിയിലെ ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണ – വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്നു. ഫര്‍ണ്ണിച്ചര്‍ വ്യാപാരത്തില്‍ അതി പ്രശസ്തമായ നെല്ലിക്കുഴിയില്‍ ഏതുതരം ഫര്‍ണ്ണീച്ചറുകളും ലഭിക്കും. വിവിധതരം തടികള്‍കൊണ്ടുള്ളതും, വിവിധ വിലനിലവാരത്തിലുള്ളതും, പരമ്പരാഗത രീതിയിലുള്ളതും, പുതുമയിലുമുള്ളവയും തെരഞ്ഞെടുക്കാം. നെല്ലിക്കുഴിയിലും പരിസരപ്രദേശങ്ങളിലും അനുബന്ധ ഉല്‍പ്പന്നങ്ങളുടെ കടകളും ധാരാളമുണ്ട. ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണവും അനുബന്ധ പ്രവര്‍ത്തനങ്ങളും നടക്കുന്ന വര്‍ക്ക്ഷോപ്പുകളും നിരവധി. ആയിരക്കണക്കിനാളുകള്‍ക്കാണ് നെല്ലിക്കുഴിയില്‍ തൊഴില്‍ നല്‍കുന്നത്. അന്യസംസ്ഥാനക്കാരാണ് ഏറെയും. എന്നാല്‍ വേനല്‍ കടുത്തതോടെ ഇടക്കിടെ ഉണ്ടാകുന്ന അപ്രഖ്യാപിത വൈദ്യുത വിച്ഛേദം ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണത്തിന് തടസ്സമാകുകയാണ്. നിരവധി കടകള്‍ തൊഴിലാളികള്‍ക്ക് ശമ്പളംപോലും നല്‍കാന്‍ കഴിയാതെ പ്രതിസന്ധിയിലാണ്. വോള്‍ട്ടേജ് ക്ഷാമവും മറ്റൊരു വെല്ലുവിളിയാണ്. പകലും രാത്രിയിലും വോള്‍ട്ടേജ് ക്ഷാമം രൂക്ഷമാണ്. ഇതൂമൂലം നിര്‍മ്മാണജോലികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നില്ല. ചൂടിന്റെ ആധിക്യവും തൊഴിലിടങ്ങളെ ബാധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഉള്‍പ്പടെയുള്ള കാരണങ്ങളാല്‍ തൊഴിലാളികള്‍ നാടുകളിലേക്ക് മടങ്ങിയതിനാല്‍ തൊഴിലാളി ക്ഷാമവും തിരിച്ചടിയായിരിക്കുകയാണെന്ന് വ്യാപാരികള്‍ പറഞ്ഞു

 

Back to top button
error: Content is protected !!