കൂത്താട്ടുകുളത്തെ സുരക്ഷാ ക്യാമറകള്‍ മിഴിതുറന്നു

കൂത്താട്ടുകുളം: ഒടുവില്‍ കൂത്താട്ടുകുളം നഗരസഭയിലെ സുരക്ഷാ ക്യാമറകള്‍ മിഴി തുറന്നു. നഗരത്തിനുള്ളിലെ അപകടങ്ങളും കുറ്റകൃത്യങ്ങളും കണ്ടെത്താന്‍ ഇനി ഈ ക്യാമറകള്‍ പോലീസിനെ സഹായിക്കും. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ക്യാമറകളുടെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. നഗരസഭാധ്യക്ഷ വിജയ ശിവന്റെ നേതൃത്വത്തിലുണ്ടായ ഇടപെടലിലാണ് ക്യാമറയുടെ തകരാറുകള്‍ പരിഹരിക്കാന്‍ കഴിഞ്ഞത്. അറ്റകുറ്റപ്പണി ഏറ്റെടുത്തിരിക്കുന്ന സ്ഥാപനമായ പിറവം മോണിട്രോണിക്‌സില്‍ നിന്നും വിദഗ്ധരെത്തി ഏറെനേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ നാല് ക്യാമറകളുടെ പ്രവര്‍ത്തനമാണ് ആദ്യഘട്ടത്തില്‍ പുനസ്ഥാപിക്കാന്‍ കഴിഞ്ഞത്. വരുംദിവസങ്ങളില്‍ ബാക്കിയുള്ള ക്യാമറകള്‍ കൂടി പൂര്‍വസ്ഥിതിയിലാക്കും. നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനും ട്രാഫിക് നിരീക്ഷണങ്ങളുടെയും ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി എട്ട് ക്യാമറകളാണ് സ്ഥാപിച്ചിരുന്നത്. നാല് മാസം മുന്‍പാണ് ക്യാമറകളുടെ പ്രവര്‍ത്തനം നിലച്ചത്. സെന്‍ട്രല്‍ കവലയിലെ മീഡിയനുകളിലായി എഎന്‍പിആര്‍ ക്യാമറയോടൊപ്പം ആറ് ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.

ഈ ക്യാമറകള്‍ക്ക് പുറമെ മര്‍ച്ചന്റ്‌സ് അസ്സോസിയേഷന്‍ രണ്ട് ക്യാമറകള്‍ കൂടി സംഭാവന ചെയ്തിരുന്നു. സംഭാവനയിലൂടെ ലഭിച്ച ക്യാമറകളുടെ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മുതലാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നാണ് ക്യാമറ അറ്റകുറ്റപ്പണി കരാര്‍ ഏറ്റെടുത്തിരിക്കുന്ന പിറവം മോണിട്രോണിക്‌സ് പറയുന്നത്. മൂന്നുവര്‍ഷത്തെ കരാറില്‍ തുടരുന്ന സ്ഥാപനത്തിന്റെ അനുമതി ഇല്ലാതെ മറ്റൊരു സ്ഥാപനത്തിലെ വിദഗ്ധരെത്തി പുതിയ ക്യാമറ സ്ഥാപിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സിസിടിവി നെറ്റ്വര്‍ക്കിലെ മീഡിയ കണ്‍വര്‍ട്ടര്‍ എന്ന ഉപകരണം കേടുവരികയായിരുന്നുവെന്ന് കരാറുകാരന്‍ പറഞ്ഞു. നഗരത്തില്‍ ദിവസവും ശരാശരി ഒരുഅപകടമെങ്കിലും നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അപകടകാരണങ്ങള്‍ കണ്ടെത്തുന്നതിന് സുരക്ഷാ ക്യാമറകള്‍ നഗരത്തില്‍ അനിവാര്യമാണ്. കഴിഞ്ഞ വ്യാഴാഴ്ച്ച രാവിലെ ജൂവല്‍ ജംഗ്ഷന് സമീപം വയോധികയെ ബൈക്ക് ഇടിച്ച സംഭവമാണ് ഇതില്‍ അവസാനത്തേത്. പോലീസ് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ചെങ്കിലും പലതിലും അപകട ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല. ഇത് ആവര്‍ത്തിക്കാതിരിക്കുവാന്‍ ഉടന്‍ തന്നെ മറ്റ് ക്യാമറകള്‍ കൂടി പ്രവര്‍ത്തന സജ്ജമാക്കണമെന്നും നഗരത്തിന്റെ മറ്റ് മേഖലകളിലും പുതിയ ക്യാമറകള്‍ സ്ഥാപിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.

Back to top button
error: Content is protected !!