ലോക്‌സഭ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിനൊരുങ്ങി മഞ്ഞള്ളൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് നിവാസികള്‍

വാഴക്കുളം: ലോക്‌സഭ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിനൊരുങ്ങി മഞ്ഞള്ളൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് നിവാസികള്‍. തെക്കുംമല കവലയില്‍ നിന്ന് അര കിലോമീറ്റര്‍ കഴിഞ്ഞുള്ള പാണ പാറ കോളനി റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ചാണ് പ്രദേശവാസികളുടെ വോട്ട് ബഹിഷ്‌കരണം. ഒരു കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള കോളനി റോഡില്‍ ടാറിംഗ് നടത്തിയിട്ട് വര്‍ഷങ്ങളേറെ ആയതായി പ്രദേശവാസികള്‍ പറഞ്ഞു. അറ്റകുറ്റപ്പണികള്‍ പോലുമില്ലാതെ തകര്‍ന്ന് കിടന്ന റോഡില്‍ ഒന്നര വര്‍ഷം മുമ്പ് ജല്‍ ജീവന്‍ പദ്ധതിയില്‍ പൈപ്പ് സ്ഥാപിക്കാനായി കുഴിയെടുത്തിരുന്നു. ഇതേ തുടര്‍ന്നും ടാറിംഗ് നടത്താതെ വന്നതോടെ പ്രദേശമാകെ പൊടി മൂടുകയും മഴക്കാലത്ത് റോഡ് ചെളിക്കുളമാകുകയുമായിരുന്നു. നാല്‍പ്പതോളം കുടുംബങ്ങളാണ് റോഡിന് സമീപത്തായി താമസിക്കുന്നത്. നിരവധി പരാതികള്‍ നല്‍കിയിട്ടും അധികൃതരുടെ വര്‍ഷങ്ങളായുള്ള അവഗണനയില്‍ പ്രതിഷേധിച്ച് വാര്‍ഡിലെ വോട്ടര്‍മാരുമായി സഹകരിച്ച് വോട്ട് ബഹിഷ്‌കരിക്കുന്നതിനാണ് പ്രദേശവാസികള്‍ ഒരുങ്ങുന്നത്.

 

Back to top button
error: Content is protected !!