പ്രാര്‍ത്ഥനകള്‍ വിഫലമായി കുഞ്ഞ് ഹന ഫാത്തിമ യാത്രയായി

മൂവാറ്റുപുഴ: പ്രതീക്ഷകള്‍ വിഫലമായി കുഞ്ഞ് ഹന ഫാത്തിമ യാത്രയായി. വെള്ളിയാഴ്ച രണ്ടാര്‍ക്കരയില്‍ മുത്തശ്ശിയുടെകൂടെ പുഴയിലിറങ്ങി കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഹന ഫാത്തിമ(10)ആണ് ഇന്ന് രാത്രി 8.30ഓടെ മരിച്ചത്. വെള്ളിയാഴ്ച 11ഓടെ നഗരസഭ പതിനൊന്നാം വാര്‍ഡിലെ രണ്ടാര്‍കരയില്‍ നെടിയാന്‍മല കടവിലാണ് അപകടമുണ്ടായത്. കൊച്ചുമക്കളോടെപ്പം മൂവാറ്റുപ്പുഴയില്‍ കുളിക്കാനിറങ്ങിയ മുത്തശ്ശി ആമിന(60) കൊച്ചുമകള്‍ ഫര്‍ഹ ഫാത്തിമ(12) ഉം വെള്ളിയാഴ്ചയുണ്ടായ അപകടത്തില്‍ മരിക്കുകയായിരുന്നു. തുണി അലക്കുന്നതിനും കുളിക്കുന്നതിനുമാണ് ആമിനയും കൊച്ചുമക്കളും കടവിലെത്തിയത്. അപകടത്തില്‍പ്പെട്ട കൊച്ചുമക്കളെ രണ്ടുപേരെയും മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷം തുടര്‍ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

പുഴയില്‍ രണ്ടു പേര്‍ അപകടത്തില്‍പെട്ടു എന്ന് പ്രദേശവാസികളായ സ്ത്രീകള്‍ അറിയിച്ചതോടെ തൊട്ടടുത്ത് പെയിന്റിംഗില്‍ ഏര്‍പ്പെട്ടിരുന്നവരെത്തിയാണ് വേഗത്തില്‍ ആമിനയെയും ഫര്‍ഹ ഫാത്തിമയെയും ആദ്യം ആശുപത്രിയിലെത്തിച്ചത്. രക്ഷിച്ചവര്‍ക്ക് മൂന്നാമതൊരാള്‍ കൂടി ഉണ്ട് എന്നുള്ള വിവരം അറിവില്ലായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ഫയര്‍ഫോഴ്സ് എത്തി മറ്റൊരാളെ കൂടി വെള്ളത്തില്‍ നിന്നും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന ഹന ഫാത്തിമ ഇന്ന് വൈകിട്ടോടെ മരിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്‌കാരം ബുധനാഴ്ച രണ്ടാര്‍ മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദില്‍. രണ്ടാര്‍കര എസ്എബിറ്റിഎം സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച ഹന. പിതാവ്: രണ്ടാര്‍കര കിഴക്കേകുടിയില്‍ റിയാസ്. മാതാവ്: ഭീമ. സഹോദരിമാര്‍ : മിന്‍ഹ ഫാത്തിമ, ഐഷ ബത്തൂല്‍ ( ഇരുവരും വിദ്യാര്‍ത്ഥിനികള്‍)

 

Back to top button
error: Content is protected !!