ഉ​രു​ൾ​പൊ​ട്ട​ൽ മേ​ഖ​ല​യി​ൽ ക്വാ​റി​ക്ക് അ​നു​മ​തി: നിയമ വിരുദ്ധമാണെന്ന് സ​മ​ര​സ​മി​തി

കോതമംഗലം: കീരമ്പാറ പഞ്ചായത്തില്‍ പെരുമണ്ണൂര്‍ മലയില്‍ ഉരുള്‍പൊട്ടല്‍ മേഖലയില്‍ പാറ ഖനനം ആരംഭിക്കുന്നത് നിയമ വിരുദ്ധമാണെന്ന് സമരസമിതി. പാറമട ലോബിക്കായി ബഫര്‍ സോണ്‍ പരിധി ഒഴിവാക്കിയതും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ ലംഘിച്ചതും മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ അഴിമതിയാണെന്ന് മല സംരക്ഷണസമിതി കുറ്റപ്പെടുത്തി. വംശനാശഭീഷണ നേരിടുന്ന അത്യപൂര്‍വങ്ങളായ ജന്തുസസ്യജീവ ജാതികളുടെ ആവാസ വ്യവസ്ഥയാണിവിടം. കീരമ്പാറ പഞ്ചായത്തിലെ ഉയര്‍ന്ന മലനിരകളുമാണ്. 36 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള പ്രദേശങ്ങളില്‍ ഖനനം പാടില്ലായെന്നാണ് നിയമം. എന്നാല്‍ ഈ നിയമം അട്ടിമറിച്ചാണ് 70 ഡിഗ്രിയോളം ചെരുവുള്ള പ്രദേശത്ത് ഖനനം ആരംഭിക്കാന്‍ നീക്കം നടക്കുന്നതെന്ന് സമര സമിതി ആരോപിച്ചു. ജൈവ വൈവിധ്യ ബോര്‍ഡിന്റെ പഠന റിപ്പോര്‍ട്ടില്ലാതെയാണ് മലയിലെ മണ്ണ് നീക്കം ചെയ്ത് ഖനനത്തിന് ശ്രമിക്കുന്നത്. പെരുമണ്ണൂര്‍ മലനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന ചെറിയ അരുവികളുടെയും, കാര്‍ഷിക മേഖലയുടെ നാശത്തിന് ഖനനം കാരണമാകും. സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിന്റെ പഠനത്തില്‍ ഉള്‍പ്പെടുന്ന മേഖല ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശമാണ്. മലനിരകളുടെ കിഴക്കു ചരിവില്‍ ഉരുള്‍പൊട്ടലുണ്ടായി നാശനഷ്ടമുണ്ടായി. പരിസ്ഥിതിലോല പ്രദേശമായ ഇവിടെ നിയമവിരുദ്ധമായി ഖനനം നടത്തുവാനുള്ള നീക്കത്തിനെതിരെ ശക്തമായ സമരപരിപാടികളും നിയമനടപടികളും സ്വീകരിക്കുമെന്ന് സമരസമിതി അറിയിച്ചു.

Back to top button
error: Content is protected !!