ആശയത്തിന്‍റെ കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ എൽഡിഎഫ് പ്രവർത്തകരും കുടുംബാഗങ്ങളാണ്: രാഹുൽ ഗാന്ധി

മലപ്പുറം: ആശയത്തിന്റെ കാര്യത്തില്‍ എല്‍ഡിഎഫിനോട് അഭിപ്രായ വ്യത്യാസമുണ്ടെന്ന് രാഹുല്‍ ഗാന്ധി. ആശയത്തിന്റെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും എല്‍ ഡി എഫ് പ്രവര്‍ത്തകരും കുടുംബാംഗങ്ങള്‍ ആണെന്നും രാഹുല്‍ പറഞ്ഞു. വയനാട് ലോക്‌സഭ മണ്ഡലത്തില്‍ വോട്ട് തേടി മലപ്പുറം മമ്പാട് നടത്തിയ റോഡ് ഷോക്കിടെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവും രാഹുല്‍ ഗാന്ധി നടത്തി. പ്രധാനമന്ത്രി രാജ്യത്തിന്റെ അടിത്തറ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് രാഹുല്‍ പറഞ്ഞത്. രാജ്യത്തിന്റെ അടിത്തറ ഭരണഘടനയാണ്. ഭരണഘടനാ സ്ഥാപനങ്ങളും രാജ്യത്തിന്റെ അടിത്തറയാണ്. പ്രധാനമന്ത്രിയും ആര്‍എസ്എസും ഭരണഘടനയെ ആക്രമിക്കുകയാണ്. തകര്‍ക്കാന്‍ നോക്കുകയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഇന്ത്യ എന്താണെന്ന് ഒരു ധാരണയും ഇല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഒന്നിന് പുറകെ ഒന്നായി നാടകങ്ങള്‍ നടത്തുകയാണ് മോദി. ഇടയ്ക്ക് പുഴയില്‍ കുളിക്കും, ഇടയ്ക്ക് സമുദ്രത്തില്‍ ഇറങ്ങും, അങ്ങനെ എന്തൊക്കയോ ആണ് മോദി ചെയ്യുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു. നീതി രാഹിത്യം നിലനില്‍ക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

Back to top button
error: Content is protected !!