പൗരത്വ ദേദഗതി നിയമത്തിനെതിരെ കേരളത്തിന്റെ പ്രതിരോധം: മൂവാറ്റുപുഴയില്‍ ‘അവകാശികള്‍’ സിനിമയുടെ പ്രദര്‍ശനം നടത്തി

മൂവാറ്റുപുഴ: പൗരത്വ ദേദഗതി നിയമത്തിനെതിരായ കേരളത്തിന്റെ പ്രതിരോധം പ്രമേയമാക്കിയുള്ള സിനിമ ‘അവകാശികള്‍’ മൂവാറ്റുപുഴ കൊച്ചക്കോന്‍ ഓഡിറ്റോറിയത്തില്‍ പ്രദര്‍ശിപ്പിച്ചു. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെയും, യുവകലാ സാഹിതിയുടെയും നേതൃത്വത്തിലാണ് ജനകീയ പ്രദര്‍ശനം നടത്തിയത്. പൗരത്വ ഭേദഗതി നിയമത്തെയും, കേന്ദ്ര ഭരണത്തെയും ശക്തമായി എതിര്‍ക്കുന്നതാണ് കേരള ചലച്ചിത്ര അക്കാഡമി അംഗവും, എഐവൈഎഫ് സംസ്ഥാന പ്രസിഡന്റുമായ എന്‍.അരുണ്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സിനിമയുടെ പ്രമേയം. ഇന്ത്യന്‍ സാമൂഹിക സാഹചര്യങ്ങള്‍ കേരളത്തിലെയും ആസാമിലെയും ഗ്രാമീണ ജീവിതങ്ങളിലൂടെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നു. വിശ്വാസത്തെ മറയാക്കുന്ന വര്‍ഗ്ഗീയ പ്രസ്ഥാനങ്ങളും, ഇതര സംസ്ഥാന തൊഴിലാളി വിഷയങ്ങളും ഉള്‍പ്പടെയുള്ള കേരളത്തിലെ വര്‍ത്തമാനകാല സങ്കീര്‍ണ്ണതകള്‍ നര്‍മ്മത്തില്‍ ചാലിച്ച് സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇര്‍ഷാദ്, ടി.ജി രവി, ബേസില്‍ പാമ, ജയരാജ് വാര്യര്‍, സോഹന്‍ സീനു ലാല്‍, , വിഷ്ണു വിനയ് , എം എ നിഷാദ് , അനൂപ് ചന്ദ്രന്‍, പാഷാണം ഷാജി , അഞ്ജു അരവിന്ദ്, കുക്കു പരമേശ്വരന്‍, ജോയ് വാല്‍ക്കണ്ണാടി, ബിന്ദു അനീഷ് എന്നിവര്‍ക്കൊപ്പം നിരവധി ആസാമി നാടക കലാകാരന്‍മാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. റഫീഖ് അഹമ്മദ്, പര്‍വതി ചന്ദ്രന്‍ എന്നിവരുടെ വരികള്‍ക്ക് മിനീഷ് തമ്പാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. വിനു പട്ടാട്ട്, ആയില്യന്‍ കരുണാകരന്‍ എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് അഖില്‍ എ ആര്‍ ഉം ആര്‍എല്‍വി അജയ് കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. സിഎഎക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് അവകാശികള്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് പുകസ – യുവകലാസാഹിതി ഭാരവാഹികളായ സി.എന്‍ കുഞ്ഞുമോള്‍, ജോര്‍ജ് വെട്ടിക്കുഴി എന്നിവര്‍ പറഞ്ഞു

 

Back to top button
error: Content is protected !!