വീട്ടമ്മയെ കൊന്ന് ആഭരണങ്ങള്‍ കവര്‍ന്ന സംഭവം: ഇരുട്ടില്‍ തപ്പി പോലീസ്

കോതമംഗലം: ചേലാട് കള്ളാട് ചെങ്ങമനാട്ട് സാറാമ്മയെ വീടിനുള്ളില്‍ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന കേസ് നടന്നിട്ട് രണ്ടാഴ്ച പിന്നിട്ടു.പ്രതിയിലേക്കെത്താനാകാതെ പോലീസ്. അന്വേഷണത്തില്‍ പോലിസ് സജീവമായിതന്നെയുണ്ട്.സംഭവസ്ഥലത്ത്‌നിന്ന് കണ്ടെത്തിയ തെളിവുകളൊന്നും പ്രതികളെ വെളിച്ചത്തുകൊണ്ടുവരാന്‍ പര്യാപ്തമായിട്ടില്ല.സാറാമ്മയുടെ വീടിന്റെ പരിസരങ്ങളില്‍ വിവിധ തൊഴിലുകളുമായി ബന്ധപ്പെട്ട് എത്തിയ അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.ഇതിനകം ഒട്ടേറെപേരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.പ്രദേശവാസികളായ ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതും ഫലപ്രദമായില്ല.

അന്വേഷണം നീണ്ടുപോകുന്ന സാഹചര്യത്തില്‍ ബന്ധുക്കളിലും പൊതുജനങ്ങളിലും ആശങ്ക ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തെളിയിക്കപ്പെടാതെ കിടക്കുന്ന ചെറുവട്ടൂരിലെ നീനി കൊലപാതകം,അയിരൂര്‍പ്പാടത്തെ ആമിന വധ കേസ് എന്നിവയുടെ ഗതിയാകുമോ സാറാമ്മ കൊലക്കേസിനുമെന്ന് സംശയിക്കുന്നവരുമുണ്ട്.പട്ടാപ്പകല്‍ നടന്ന കൊലപാതകത്തില്‍ പ്രതികളെ കണ്ടെത്തേണ്ടത് പോലിസിന് അഭിമാനപ്രശ്നംകൂടിയാണ്.അന്വേഷണത്തില്‍ വഴിത്തിരിവുണ്ടാക്കാന്‍ ഇപ്പോഴത്തെ അന്വേഷണസംഘത്തിന് കഴിഞ്ഞില്ലെങ്കില്‍ ഇതും ലോക്കല്‍ പോലീസിന് നാണക്കേടാകും. സ്വാഭാവിക നടപടിയായി കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്യും.

 

Back to top button
error: Content is protected !!