തെരുവുനായ ആക്രമണം: ആട് ചത്തു

തിരുമാറാടി: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ആട് ചത്തു. മറ്റൊരു ആടിന് പരിക്കേറ്റു. കുഴിക്കാട്ടുകുന്ന് ചെട്ടിയാംപുറത്ത് വില്‍സന്റെ ആടിനെയാണ് കൂട്ടമായെത്തിയ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നത്. തെരുവ് നായകളെ ഓടിക്കുന്നതിനിടെ വില്‍സന്റെ ഭാര്യ റീനയ്ക്കും വീണ് പരിക്കേറ്റു. ഒലിയപ്പുറം ചെറുകൂപ്പില്‍ ബാബുവിന്റെ ആടിനും തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അക്രമകാരികളായ തെരുവ് നായ്ക്കളെ ഉന്മൂലനം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗം നിവിന്‍ ജോര്‍ജ് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണിക്ക് പരാതി നല്‍കി. ഇതിനുമുന്‍പ് ഒലിയപ്പുറം പ്രദേശത്ത് ഏഴോളം ആടുകളെ കൂട്ടം കൂടിയെത്തിയ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നിരുന്നു. നായ്ക്കളുടെ ആക്രമണം മൂലം കൊല്ലപ്പെടുന്ന വളര്‍ത്ത് മൃഗങ്ങളുടെ നഷ്ടപരിഹാരമായി ഉടമകള്‍ക്ക് കിട്ടുന്നത് വളരെ ചെറിയ തുകയാണ്. അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതിയൂടെ തെരുവ് നായ്ക്കളുടെ പ്രജനനം തടയാനുള്ള പദ്ധതി ഫലപ്രദമായി നടപ്പാക്കാന്‍ പഞ്ചായത്തിന് സാധിക്കുന്നില്ല. അക്രമകാരികളായ നായ്ക്കളെ വന്ധ്യംകരിച്ചിട്ടും അവ കൂട്ടം കൂടി ആക്രമിക്കുന്നതില്‍ യാതൊരു വ്യത്യാസവും വരുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. തെരുവു നായ്ക്കള്‍ മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിരിക്കുകയാണ്.

Back to top button
error: Content is protected !!