ചുട്ടുപൊള്ളുന്ന വേനലില്‍ കുടിവെള്ള വിതരണം നിലയ്ക്കുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു

മൂവാറ്റുപുഴ : ചുട്ടുപൊള്ളുന്ന വേനലില്‍ ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം നിലയ്ക്കുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. രണ്ടാര്‍, കിഴക്കേക്കര പ്രദേശങ്ങളിലാണ് കുടിവെള്ള വിതരണം മുടങ്ങുന്നത് പതിവായിരിക്കുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ നിലച്ച കുടിവെള്ള വിതരണം ഇന്നലെ രാത്രി വൈകിയും പുനരാരംഭിച്ചിരുന്നില്ല. വേനല്‍ ശക്തിപ്രാപിച്ചതു മുതല്‍ മേഖലയില്‍ ശുദ്ധജല വിതരണം മുടങ്ങുന്നത് പതിവായിരിക്കുകയാണ്. വിതരണ കുഴല്‍ പൊട്ടലാണ് കുടിവെള്ളം നിരന്തരം മുടങ്ങുന്നതിനു പ്രധാന കാരണമായി പറയുന്നത്. രണ്ടാര്‍ പയ്യന റോഡില്‍ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. പലവട്ടം നാട്ടുകാര്‍ ജല അതോറിറ്റി അധികൃതരെ വിവരമറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രദേശത്ത് നിരവധിയിടങ്ങളില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്. കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടം ഓടുമ്പോഴാണ് ആയിരകണക്കിന് ലിറ്റര്‍ വെള്ളം ദിവസവും പാഴാകുന്നത്. കാലഹരണപ്പെട്ട പൈപ്പുകളാണ് മേഖലയില്‍ കൂടുതലും.പൈപ്പ് പൊട്ടുന്നതോടെ സമാന വലിപ്പത്തിലുള്ള പൈപ്പുകള്‍ ലഭിക്കാത്തതും അറ്റകുറ്റപ്പണി വൈകുന്നതിനും മറ്റും കാരണമാകുകയാണ്. ഇതിനു പുറമെ ജല അതോറിറ്റി കരാറുകാരുടെ അനിശ്ചിതകാല പണിമുടക്ക് നടക്കുന്നതിനാല്‍ അറ്റകുറ്റപ്പണി നടത്താന്‍ ആളെ കിട്ടാത്തതും വിനയായിരിക്കുകയാണ്. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്ന നൂറുകണക്കിനു കുടുംബങ്ങള്‍ക്കും ഹോട്ടല്‍ അടക്കമുള്ള വ്യാപാര ശാലകളെയുമാണ് പ്രശ്‌നം  പ്രതികൂലമായി ബാധിക്കുന്നത്. കുടിവെള്ള വിതരണം തടസപ്പെടുന്നതിന് ശാശ്വത പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ജല അതോറിറ്റി ഓഫീസിനു മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കുവാനുള്ള തീരുമാനത്തിലാണ് പ്രദേശത്തെ സ്ത്രീകളടക്കമുള്ള ജനങ്ങള്‍.

Back to top button
error: Content is protected !!