കോൺ​ഗ്രസിന്റെ പ്രകടന പത്രിക ഓരോ ഇന്ത്യക്കാരന്റെയും ശബ്ദം: രാഹുൽ ​ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പൊതുജനാഭിപ്രായം തേടി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക ഒരോ ഇന്ത്യക്കാരന്‍റെയും ശബ്ദമാണെന്ന് രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രകടനപത്രിക പാകിസ്ഥാനിലെ തെരഞ്ഞെടുപ്പിന് കൊള്ളാമെന്ന് അസം മുഖ്യമന്ത്രി പരിഹസിച്ചു.  സ്വാതന്ത്ര്യ സമരകാലത്തെ ലീഗിന്‍റെ  ആശയങ്ങളാണ് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പ്രതിഫലിക്കുന്നതെന്ന പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിന് പിന്നാലെയാണ്, പൊതു ജനാഭിപ്രായം തേടാനുള്ള  രാഹുലിന്‍റെ നീക്കം. കോണ്‍ഗ്രസ് വാഗ്ദാനങ്ങളോടുള്ള അഭിപ്രായം സമൂഹമാധ്യമങ്ങളുിലൂടെയോ ഇമെയില്‍ വഴിയോ കോണ്‍ഗ്രസിനെ അറിയിക്കണമെന്നാണ് രാഹുല്‍ പറയുന്നത്. വലിയൊരു വിഭാഗം പത്രികയെ സ്വാഗതം ചെയ്തു കഴിഞ്ഞെന്നും രാഹുല്‍ വ്യക്തമാക്കി.

ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രിയും കൂട്ടരും ന്യൂനപക്ഷ ക്ഷേമത്തിനായി കോണ്‍ഗ്രസ് മുന്‍പോട്ട് വയ്ക്കുന്ന പദ്ധതികളെ വിമര്‍ശിക്കുന്നത് വഴി ബിജെപിയുടെ തനിനിറം പുറത്തായെന്നാണ് കോണ്‍ഗ്രസ് തിരിച്ചടിക്കുന്നത്. ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണ്ണായമാകുന്ന സംസ്ഥാനങ്ങളില്‍ പത്രിക പ്രകാശനം നടത്തുന്നതിനെ കുറിച്ചും കോണ്‍ഗ്രസ്  ആലോചിക്കുന്നത്. പ്രധാനമന്ത്രിയുടെ പരിഹാസത്തിന് പിന്നാലെ  കോണ്‍ഗ്രസ് പത്രികക്കെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും വിമര്‍ശനമുന്നയിച്ചു.

വിഭജനത്തിനുള്ള ശ്രമമാണ് കോണ്‍ഗ്രസിന്‍റെ പ്രകടനപത്രികയില്‍ പ്രതിഫലിക്കുന്നതെന്നും ഇന്ത്യയിലെ തെരഞ്ഞെടുപ്പിനേക്കാള്‍ പ്രകടന പത്രിക ചേരുക പാക് തെരഞ്ഞെടുപ്പിനായിരിക്കുമെന്നും ശര്‍മ്മ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ ചാട്ടക്കാരന് മതേതരത്വമെന്തെന്നറിയില്ലെന്ന് ശര്‍മ്മക്ക് കോൺ​ഗ്രസ് മറുപടി നല്‍കി. പ്രധാനമന്ത്രിക്ക് പിന്നാലെ ബിജെപി നേതാക്കള്‍ ഓരോരുത്തരായി കോണ്‍ഗ്രസ് പ്രകടനപത്രികക്കെതിരെ വിമര്‍ശനം ശക്തമാക്കുമ്പോള്‍ പൊതുജനാഭിപ്രായം തേടി നിര്‍ദ്ദേശങ്ങള്‍ സജീവ ചര്‍ച്ചയാക്കാനാണ്  കോണ്‍ഗ്രസിന്‍റെ നീക്കം.

Back to top button
error: Content is protected !!