ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സെന്‍ട്രല്‍ കേരള സഹോദയ കായിക മേളയ്ക്ക് ഇന്ന് കൊടിയിറങ്ങും

മൂവാറ്റുപുഴ: കൗമാരക്കുതിപ്പിന്റെ രണ്ടുനാള്‍ പിന്നിട്ട് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സെന്‍ട്രല്‍ കേരള സഹോദയ കായിക മേളയ്ക്ക് ഇന്ന് കൊടിയിറങ്ങും. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ 12.1 സെക്കന്റ് കൊണ്ട് ലക്ഷ്യംകണ്ട വാഴക്കുളം കാര്‍മല്‍ പബ്ലിക് സ്‌കൂളിലെ അക്ഷയ് എസ്. കൃഷ്ണ വേഗമേറിയ താരമായത് ഇതിന് ഉദാഹരണമാണ്. 1.56 മീറ്റര്‍ ഉയരത്തില്‍ ചാടി ഹൈജംപില്‍ നൈജല്‍ ജേക്കബ് നടത്തിയ പ്രകടനവും മികച്ചതായിരുന്നു. 8.49 മീറ്റര്‍ ദൂരം എറിഞ്ഞ സീനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ ജുവല്‍ മരിയ ജോര്‍ജും പ്രതിഭ തെളിയിച്ചു. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ 18.58 മിനിറ്റുകൊണ്ട് ആഷിന്‍ അനിലും, സൂപ്പര്‍ സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ 9.08 മീറ്റര്‍ എറിഞ്ഞ എയ്ഞ്ചല്‍ മേരി ബൈജുവും ജാവലിന്‍ ത്രോയില്‍ 18.95 മീറ്റര്‍ താണ്ടിയ എയ്ഞ്ചല്‍ മരിയ ജോയിയും മികച്ച പ്രകടനം കാഴ്ചവച്ചു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നടന്ന മത്സരത്തില്‍ 70 ഇനങ്ങളിലായി മൂവായിരത്തോളം കായിക പ്രതിഭകളാണ് മാറ്റുരച്ചത്. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ നൂറിലധികം വരുന്ന സിബിഎസ്ഇ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ കിഡീസ്, സബ്ജൂണിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലായി സ്റ്റേഡിയത്തിലിറങ്ങി. വര്‍ണ ശബളമായ മാര്‍ച്ച് പാസ്റ്റോടെയാണ് മേളയ്ക്ക് തുടക്കം കുറിച്ചത്. ഒളിന്പിക് ദീപശിഖയും സ്ഥാപിച്ചിരുന്നു. മൂവാറ്റുപുഴ സെന്റ് തോമസ് പബ്ലിക് സ്‌കൂളിന്റെ ആതിഥേയത്വത്തില്‍ നടന്ന മേള വിജയിപ്പിക്കുന്നതിന് സ്‌കൂള്‍ മാനേജര്‍ ഫാ. ജോണ്‍ പുത്തൂരാന്‍, പ്രിന്‍സിപ്പല്‍ മേരി സാബു എന്നിവര്‍ മുഴുവന്‍ സമയവും രംഗത്തുണ്ട്. ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. സെന്‍ട്രല്‍ കേരള സഹോദയാ പ്രസിഡന്റ് ഫാ. മാത്യു കരീത്തറ അധ്യക്ഷത വഹിക്കും. റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പി.എം. ഷബീര്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യും. സെന്‍ട്രല്‍ കേരള സഹോദയ വൈസ് പ്രസിഡന്റ് ജൈന പോള്‍, സിഐ പി.എം. ബൈജു, ജോയിന്റ് ആര്‍ടിഒ എസ്. അനില്‍കുമാര്‍, എസ്‌ഐമാരായ മാഹിന്‍ സലീം, വിഷ്ണു രാജു, ഒ.വി. റജി, എഎംവി എസ്. രജനീഷ്, ഫയര്‍ ഓഫീസര്‍ മനോജ് എസ്. നായിക്. ഫാ. പോള്‍ പടിഞ്ഞാറേതില്‍, മൂവാറ്റുപുഴ സെന്റ് തോമസ് പബ്ലിക് സ്‌കൂള്‍ മാനേജര്‍ ഫാ. ജോണ്‍ പുത്തൂരാന്‍, എല്‍ദോ പുതുശേരി തുടങ്ങിയവര്‍ പ്രസംഗിക്കും.

മത്സര വിജയികള്‍ മൂവാറ്റുപുഴ: സെന്‍ട്രല്‍ കേരള സഹോദയ കായിക മേളയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവര്‍. സബ്ജൂണിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്‌കൂളിലെ എല്‍ന മരിയ സോബന്‍, സൂപ്പര്‍ സീനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോ വാഴക്കുളം കാര്‍മല്‍ പബ്ലിക് സ്‌കൂളിലെ അന്‍സിയ ജൂഡ്, സൂപ്പര്‍ സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്‌കൂളിലെ ക്രിസ്തുസ് ജോബി, സൂപ്പര്‍ സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്‌കൂളിലെ സ്‌നേഹ ജോര്‍ജ്, സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്‌കൂളിലെ നവ്യ മനോജ്, ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ വാഴക്കുളം കാര്‍മല്‍ പബ്ലിക് സ്‌കൂളിലെ ആബേല്‍ റെജി, ജൂണിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ വാഴക്കുളം കാര്‍മല്‍ പബ്ലിക് സ്‌കൂളിലെ ജുവല്‍ എല്‍സ സെബാസ്റ്റ്യന്‍, ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ വാഴക്കുളം കാര്‍മല്‍ പബ്ലിക് സ്‌കൂളിലെ ധ്യാന്‍ വാമറ്റം, സൂപ്പര്‍ സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്‌കൂളിലെ എല്‍ദോ റെജി, സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ്ജംപില്‍ വാഴക്കുളം കാര്‍മല്‍ പബ്ലിക് സ്‌കൂളിലെ അല്‍ക്ക എലിസബത്ത് റോഷി, കിഡീസ് ആണ്‍കുട്ടികളുടെ ഷോട്ട് പുട്ടില്‍ വാഴക്കുളം കാര്‍മല്‍ പബ്ലിക് സ്‌കൂളിലെ അഡോണ്‍ സിജു, സീനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്‌കസ്‌ത്രോയില്‍ വാഴക്കുളം കാര്‍മല്‍ പബ്ലിക് സ്‌കൂളിലെ അഭിനവ് രാജു, സീനിയര്‍ പെണ്‍കുട്ടികളുടെ 4ഃ100 മീറ്റര്‍ റിലേയില്‍ മൂവാറ്റുപുഴ നിര്‍മ്മല പബ്ലിക് സ്‌കൂളും 4 ഃ100 മീറ്റര്‍ റിലേയില്‍ സീനിയര്‍ ആണ്‍കുട്ടികള്‍, ജൂനിയര്‍ പെണ്‍കുട്ടികള്‍, ജൂനിയര്‍ ആണ്‍കുട്ടികള്‍, സൂപ്പര്‍ സീനിയര്‍ പെണ്‍കുട്ടികള്‍ എന്നീ വിഭാഗങ്ങളില്‍ വാഴക്കുളം കാര്‍മല്‍ പബ്ലിക് സ്‌കൂളും ഒന്നാം സ്ഥാനം നേടി. കിഡീസ് ആണ്‍കുട്ടികളുടെ വിഭാഗം 50 മീറ്ററില്‍ കോതമംഗലം ഗ്രീന്‍വാലി പബ്ലിക് സ്‌കൂളിലെ കാര്‍ത്തിക് അജി, കിഡീസ് പെണ്‍കുട്ടികളുടെ വിഭാഗം 50 മീറ്ററില്‍ മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്‌കൂളിലെ സാറ ഫാത്തിമ, സൂപ്പര്‍ സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗം ഹൈജന്പ് മൂവാറ്റുപുഴ നിര്‍മ്മല പബ്ലിക് സ്‌കൂളിലെ ശ്രേയ രാജേഷ്, സൂപ്പര്‍ സീനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ വാഴക്കുളം കാര്‍മല്‍ പബ്ലിക് സ്‌കൂളിലെ ജിഷ്ണു ജയന്‍, സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ 4ഃ100 മീറ്റര്‍ റിലേ, സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ 4ഃ100 മീറ്റര്‍ റിലേ വിഭാഗത്തില്‍ മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്‌കൂളും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംഘാടക മികവ് ശ്രദ്ധേയം മൂവാറ്റുപുഴ: മൂവായിരത്തോളം കായികതാരങ്ങള്‍ മാറ്റുരച്ച സെന്‍ട്രല്‍ കേരള സഹോദയ കായിക മേളയുടെ സംഘാടക മികവ് ശ്രദ്ധേയം. മൂവാറ്റുപുഴ സെന്റ് തോമസ് പബ്ലിക് സ്‌കൂള്‍ ആതിഥേയത്വം വഹിച്ച മേളയില്‍ കായികതാരങ്ങളും രക്ഷിതാക്കളും വിധികര്‍ത്താക്കളും കാണികളും ഒത്തുകൂടിയതോടെ മൂവാറ്റുപുഴ നഗരസഭാ സ്റ്റേഡിയം അക്ഷരാര്‍ഥത്തില്‍ കായിക ലഹരിയിലായിരുന്നു. സ്‌കൂളിലെ എഴുപത്തഞ്ചോളം വരുന്ന അധ്യാപകരും അനധ്യാപകരും എട്ട് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുളള വിദ്യാര്‍ഥികളും പൊളളുന്ന വെയിലിലും സദാ കര്‍മനിരതരായി. ട്രാക്ക് ഒരുക്കുന്നതിലും മേളയുടെ സുഗമമായ നടത്തിപ്പിനും മാനേജര്‍ ഫാ. ജോണ്‍ പുത്തൂരാന്റെയും പ്രിന്‍സിപ്പല്‍ മേരി സാബുവിന്റെയും നേതൃത്വത്തില്‍ ഇവര്‍ മൈതാനം നിറഞ്ഞുനിന്നു. വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കി അതിഥികളെ വരവേറ്റു. കായിക താരങ്ങള്‍ക്കായി ഫസ്റ്റ് എയ്ഡ് സെന്ററും അവശ്യഘട്ടത്തില്‍ ഉപയോഗിക്കാന്‍ ആംബുലന്‍സും ഒരുക്കി. വിജയികള്‍ക്ക് താമസിയാതെതന്നെ മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കുവാനും കഴിഞ്ഞു. മികച്ച സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സഹോദര സ്ഥാപനമായ പെരുന്പാവൂര്‍ ഇരിങ്ങോള്‍ സെന്റ് തോമസ് പബ്ലിക് സ്‌കൂളിലെ അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരെയും മൈതാനത്ത് അണിനിരത്തിയിരുന്നു.

Back to top button
error: Content is protected !!