ബെസ്റ്റ് സ്കൂൾ അവാർഡ് നേട്ടവുമായി കാളിയാർ സെന്റ്. മേരീസ് എൽ. പി. സ്കൂൾ
കാളിയാർ : പൊതു വിദ്യാലയങ്ങൾക്കായി സ്കൂൾ അക്കാദമിയും ജോയ് ആലുക്കാസും ചേർന്ന് ഏർപ്പെടുത്തിയ ബെസ്റ്റ് സ്കൂൾ അവാർഡ് കാളിയാർ സെന്റ്. മേരീസ് എൽ. പി. സ്കൂൾ കരസ്ഥമാക്കി.2020- 2021 അധ്യയന വർഷത്തെ അക്കാദമിക മികവ്, അഡ്മിഷൻ മികവ്, ഭൗതിക സാഹചര്യമൊരുക്കൽ, വികസന കാഴ്ച്ചപ്പാട്, ഓൺലൈൻ പഠനമൊരുക്കൽ, ഗൂഗിൾ മീറ്റ് ക്ലാസ്സുകളുടെ സംഘാടനം, പൊതുജന പങ്കാളിത്തവും അഭിപ്രായവും, പാഠ്യപാഠ്യേതര പ്രവർത്തനങ്ങളുടെ മികവ് തുടങ്ങിയവ പുരസ്കാരത്തിന് പരിഗണിച്ചു.
കോട്ടയം മാൾ ഓഫ് ജോയിൽ വച്ചു നടന്ന ചടങ്ങിന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിനിൽ നിന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് ഷിബി മോൾ ജോസഫും അധ്യാപകരും പിടിഎ പ്രതിനിധികളും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.