വായ്ക്കര ഗവ. യു.പി സ്‌കൂളിന് പുതിയ അക്കാദമിക്ക് ബ്ലോക്കിന്‌ അനുമതി ലഭ്യമായതായി എൽദോസ് കുന്നപ്പിള്ളി.

 

പെരുമ്പാവൂർ : വായ്ക്കര ഗവ. യു.പി സ്‌കൂളിന് പുതിയ അക്കാദമിക്ക് ബ്ലോക്ക് ഒരുങ്ങുന്നു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് സ്‌കൂളിലെ പ്രി പ്രൈമറി വിഭാഗത്തിനുള്ള കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. എംഎൽഎ മണ്ഡലത്തിൽ നടപ്പിലാക്കുന്ന ഇൻസ്പെയർ പെരുമ്പാവൂർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.

42.17 ലക്ഷം രൂപയാണ് ലീഡ് സ്‌കൂൾ ആയി ഉയർത്തിയ വായ്ക്കര ഗവ. യു.പി സ്‌കൂളിന് അനുവദിച്ചത്. രണ്ട് ക്ലാസ് മുറികളും അതിനൊപ്പം രണ്ട് ശുചിമുറികളും പുതിയ കെട്ടിടത്തിൽ നിർമ്മിക്കും. പ്രി പ്രൈമറി വിഭാഗത്തിൽ കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ ഫർണ്ണിച്ചറുകളും ഇതോടൊപ്പം നൽകുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ പറഞ്ഞു.

110 വർഷങ്ങൾ പിന്നിട്ട ഈ വിദ്യാലയത്തിൽ 188 വിദ്യാർഥികളാണ് പഠിക്കുന്നത്. പ്രി പ്രൈമറി വിഭാഗത്തിൽ മാത്രം 49 കുട്ടികൾ പഠിക്കുന്നുണ്ട്. രായമംഗലം പഞ്ചായത്തിലെ അഞ്ചാം വർഡിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. പൊതുമേഖല സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് ലിമിറ്റഡിനാണ് നിർമ്മാണ ചുമതല.

Back to top button
error: Content is protected !!