പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവാന്‍ തുടങ്ങിയിട്ട് 4 ദിവസം: പ്രതിഷേധം സംഘടിപ്പിച്ച് പ്രദേശവാസികള്‍

ആവോലി: പഞ്ചായത്ത് വാര്‍ഡ് 14ല്‍ കുടിവെള്ള പെപ്പ് പൊട്ടി കുടിവെള്ളം പാഴാവാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അധികാരികള്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം സംഘടിപ്പിച്ച് പ്രദേശവാസികള്‍. മൂവാറ്റുപുഴ ഹോസ്റ്റല്‍ പടിയില്‍ നെസ്റ്റ് റോഡില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവാന്‍ തുടങ്ങിയിട്ട് 4 ദിവസം പിന്നിട്ടു. പ്രധാന ടാങ്കില്‍ നിന്ന് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കുന്ന പെപ്പുകള്‍ തകര്‍ന്നാണ് ദിവസങ്ങളായി റോഡിലൂടെ വെള്ളം ഒഴുകുന്നത്. ഇതുവരെ ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് പാഴായത്. കിഴക്കേക്കര,നെല്ലിപ്പിള്ളി തുടങ്ങി ആവോലി പഞ്ചായത്തിലെ 01, 12, 13, 14 വാര്‍ഡുകളിലേക്ക് വെള്ളം എത്തിക്കുന്നത് നെസ്റ്റില്‍ സ്ഥാപിച്ചിരിക്കുന്ന പ്രധാന ടാങ്കില്‍ നിന്നുമാണ്. പഞ്ചായത്ത് മെമ്പറിന്റെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ക്ക രേഖമൂലം പരാതി നല്‍കിയിട്ടും ഇതുവരെ നടപടി സ്വീകരിക്കാതെ വന്നതോടെയാണ് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. റസിഡന്‍സ് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ പ്രദേശവാസികളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രദേശവാസികള്‍ പരാതി നല്‍കിയിട്ടും ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി എത്തിയില്ലെന്നും നിര്‍മ്മാണ തൊഴിലാളികള്‍ സമരത്തിലാണെന്നാണ് അധികൃതര്‍ പറയുന്നതെന്നും റസിഡന്‍സ് അസ്സോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ജലം പാഴായി പോകുന്നതിന്റ അളവ് വര്‍ധിച്ച് വരുന്ന സാഹചര്യമാണ് ഉള്ളത്. വാര്‍ഡ് മെമ്പര്‍ രാജേഷ് പൊന്നുംപുരയിടത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. നിര്‍മല നഗര്‍ റസിഡന്‍സ് അസ്സോസിയേഷന്‍ അംഗങ്ങളായ ഡൊമനിക്ക്, നിര്‍മല വാലി അസ്സോസിയേഷന്‍ അംഗം ശാന്ത കുന്നുകൂടി, പ്രദേശവാസികളായ സോഫി ബെന്നി, ഷെറിമോന്‍ ചാലക്കര, സ്റ്റാന്‍ലി പ്ലാക്കല്‍, രാജു ആന്റണി തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

 

Back to top button
error: Content is protected !!