വീ​ടു​ക​ളി​ല്‍ ആ​ദ്യ​ദി​നം 1497 പേ​ര്‍ വോ​ട്ടു ചെ​യ്തു

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 85ന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന വോട്ടര്‍മാര്‍ക്കും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ബാലറ്റ് പേപ്പറുകള്‍ അവരുടെ വീടുകളിലെത്തിച്ച് വോട്ട് ചെയ്യുന്നതിനുള്ള നടപടിക്ക് ജില്ലയില്‍ തുടക്കമായി. ഇതിന്റെ ഭാഗമായി ആദ്യദിനം 1497 പേര്‍ വോട്ട് ചെയ്തു. അസന്നിഹിത വോട്ടര്‍ (ആബ്സെന്റീ വോട്ടര്‍) വിഭാഗത്തില്‍പ്പെടുത്തിയാണ് 85 വയസ് പിന്നിട്ടവര്‍ക്കും 40 ശതമാനത്തില്‍ അധികം ഭിന്നശേഷിയുള്ളവര്‍ക്കും വീട്ടില്‍ തന്നെ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിരിക്കുന്നത്. ജില്ലയിലാകെ 14,628 പേരാണ് വീടുകളില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് അര്‍ഹരായിട്ടുള്ളത്. കഴിഞ്ഞ രണ്ടിന് മുമ്പായി ഫോം 12 ഡി പ്രകാരം അപേക്ഷ സമര്‍പ്പിച്ചവര്‍ക്കാണ് വീട്ടില്‍ ഈ അവസരമൊരുക്കുന്നത്.

വോട്ടര്‍ പട്ടികയില്‍ 85 വയസ് പൂര്‍ത്തിയായവര്‍ക്കും പിഡബ്ല്യുഡി ആയി മാര്‍ക്ക് ചെയ്തവര്‍ക്കും അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവര്‍ക്കും മാത്രമാണ് ഈ അവസരം ലഭിക്കുക. ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലായി 153 സംഘങ്ങളെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. രണ്ട് പോളിംഗ് ഉദ്യോഗസ്ഥര്‍, ഒരു മൈക്രോ ഒബ്സര്‍വര്‍, വീഡിയോഗ്രഫര്‍, ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍, ബിഎല്‍ഒ എന്നിവരടങ്ങുന്ന സംഘമാണ് വോട്ടു രേഖപ്പെടുത്താനായി താമസസ്ഥലത്ത് എത്തുന്നത്. വോട്ടിംഗിന്റെ രഹസ്യസ്വഭാവം നിലനിര്‍ത്തി വോട്ട് ചെയ്യാനുള്ള സൗകര്യങ്ങളും പോളിംഗ് സംഘം ഒരുക്കും. അസന്നിഹിത, ഭിന്നശേഷി വോട്ടുകള്‍ രേഖപ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റുകള്‍ വോട്ടെണ്ണല്‍ ദിവസമായ ജൂണ്‍ നാലു വരെ ട്രഷറി സ്ട്രോംഗ് റൂമുകളില്‍ സൂക്ഷിക്കും. വോട്ട് ചെയ്യിക്കാനായി ഭവന സന്ദര്‍ശനത്തിന് വരുന്നതിനുമുമ്പ് ബന്ധപ്പെട്ടവര്‍ക്ക് എസ്എംഎസ് മുഖേനയും അതത് ബിഎല്‍ഓമാരെ തലേന്നും വിവരം അറിയിക്കും. ഭവന സന്ദര്‍ശനത്തിനുള്ള ഓരോ സംഘത്തിന്റെയും റൂട്ട് മാപ്പ് രാഷ്ട്രീയ കക്ഷി പ്രതിനിധികളെയും അറിയിക്കും.

Back to top button
error: Content is protected !!