കൊക്കോ വില ഉയരങ്ങളിൽ, തൈകൾക്ക് വൻ ഡിമാൻഡ്

കോതമംഗലം: കൊക്കോ വില ഉയര്‍ന്നതോടെ കൊക്കോ തൈകള്‍ക്ക് ആവശ്യക്കാരേറി. പച്ച പരിപ്പിന് 500 രൂപയും ഉണക്ക പരിപ്പിന് 1000നു മുകളിലുമാണ് വില. ഇത്രയും ഉയര്‍ന്ന വില കര്‍ഷകരുടെ പ്രതീക്ഷയ്ക്കുമപ്പുറത്താണ്. വില ഉയര്‍ന്നതോടെ കൊക്കോ കൃഷിയോടുള്ള താത്പര്യം കര്‍ഷകര്‍ക്കിടയില്‍ വര്‍ധിച്ചു. കാര്‍ഷിക നഴ്‌സറികളില്‍ കൊക്കോ തൈകള്‍ തേടിയെത്തുന്നവരുടെ എണ്ണവും അനുദിനം വര്‍ധിക്കുകയാണെന്ന് നഴ്‌സറി ഉടമകള്‍ പറഞ്ഞു. തൈകളുടെ വില്പന സാധാരണ ജൂണോടെ തുടങ്ങുന്നത്. ഈ വര്‍ഷം ഏപ്രില്‍ തന്നെ ആവശ്യക്കാര്‍ എത്തിത്തുടങ്ങി. തൈകള്‍ വില്പനയ്ക്ക് തയാറായിട്ടില്ലെന്നതാണ് നഴ്‌സറി ഉടമകള്‍ നേരിടുന്ന പ്രശ്‌നം. ഇതിനോടകം തന്നെ വന്‍ ഓര്‍ഡര്‍ ലഭിച്ചതായി അവര്‍ പറഞ്ഞു. കൊക്കോ പരിപ്പിന്റെ വിലയും തൈകളുടെ ആവശ്യകതയും വര്‍ധിച്ചതോടെ തൈകളുടെ വിലയും ഉയര്‍ന്നു. വിത്തിന് വില കൂടിയതാണ് തൈകളുടെ വിലയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞ വര്‍ഷം 15 രൂപ -20 രൂപ നിരക്കിലായിരുന്നു തൈകളുടെ വില്പന. ഈ വര്‍ഷമിത് 30 രൂപ – 40 രൂപയിലെത്തി നില്‍ക്കുകയാണ്. വില ഇനിയും ഉയരാനാണ് സാധ്യത.

Back to top button
error: Content is protected !!