കനാലിലെ മാലിന്യ നിക്ഷേപം: ഉപ കനാലിലേയ്ക്ക് വെള്ളമെത്താന്‍ വൈകുന്നു

കോലഞ്ചേരി: കനാലിലെ മാലിന്യ നിക്ഷേപങ്ങള്‍ മൂലം വെള്ളം ഒഴുകിയെത്താന്‍ വൈകുന്നു. പെരിയാര്‍ വാലി പ്രധാന കനാലില്‍നിന്ന് ഉപ കനാലിലേക്കുള്ള ഷട്ടര്‍ തുറന്നാലും വെള്ളമെത്താന്‍ കടമ്പകള്‍ ഏറെയാണ്. കനാലില്‍നിന്ന് കുറിഞ്ഞി ഭാഗത്തേക്കുള്ള ഉപ കനാലിലാണ് പല തരത്തിലുള്ള മാലിന്യ നിക്ഷേപങ്ങള്‍ മൂലം വെള്ളം ഒഴുകിയെത്താന്‍ വൈകുന്നത്. മരം വെട്ടിയതിന്റെ കൂറ്റന്‍ തടി കഷണങ്ങള്‍ മുതല്‍ ഉപയോഗിച്ച ശേഷം കവറില്‍ കെട്ടി ഉപേക്ഷിക്കുന്ന ഡയപറുകള്‍, മദ്യകുപ്പികള്‍, പ്ലാസ്റ്റിക് കുപ്പികള്‍, ഓലകള്‍, പൊതിമടലുകള്‍, ബള്‍ബുകള്‍ തുടങ്ങി നിരവധി മാലിന്യങ്ങളാണ് കനാലില്‍ തള്ളുന്നത്. വൈദ്യുതി കമ്പികള്‍ക്കു തടസമാകുന്നതിന്റെ പേരില്‍ വെട്ടിനീക്കുന്ന മരക്കമ്പുകളും കനാലിലാണ് നിക്ഷേപിക്കാറാണ് പതിവ്. മാലിന്യ കൂമ്പാരം കാരണം രണ്ടാ മൂന്നോ ദിവസം കൊണ്ട് വെള്ളം ഒഴുകിയെത്തേണ്ടത് ഇല്ലാതാക്കുന്ന അവസ്ഥയാണ്. പലപ്പോഴും കനാല്‍ വാച്ചറിനും, കനാല്‍ വെള്ളം ആവശ്യമുള്ള പ്രദേശവാസികള്‍ക്കും ഇത് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. മാലിന്യം കനാലില്‍ നിക്ഷേപിക്കുന്നതിനെതിരെ ബോധവത്കരണവും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ പറയുന്നു.