വാരപ്പെട്ടി ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ നാല്‍പതാം വയസിലേക്ക്

പോത്താനിക്കാട്: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വാരപ്പെട്ടി പഞ്ചായത്തിലെ ഇഞ്ചൂരില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ നാല്‍പതാം വയസിലേക്ക്. എന്‍ജിനീയറിംഗ് മേഖലയില്‍ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ആദ്യ ചുവടുവെയ്പ്പാണ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍. ഇഞ്ചൂര്‍ മാര്‍ത്തോമ സെഹിയോന്‍ പള്ളിക്ക് കീഴിലുള്ള വാടക കെട്ടിടത്തിലാണ് 1985ല്‍ വാരപ്പെട്ടി ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 24 വര്‍ഷം ഇവിടെ പ്രവര്‍ത്തിച്ച ശേഷം 2009ല്‍ കോഴിപ്പിള്ളി ഗവ. എല്‍പി സ്‌കൂളിന്റെ കെട്ടിടത്തിലേക്ക് മാറ്റി. 2015ല്‍ ഇഞ്ചൂര്‍ അമ്പലം പടിയില്‍ മൂന്നേക്കറോളം സ്ഥലത്ത് സര്‍ക്കാര്‍ നിര്‍മിച്ച കെട്ടിടത്തിലേക്ക് മാറി. എട്ടാം ക്ലാസുമുതലാണ് ടെക്‌നിക്കല്‍ സ്‌കൂളിലേക്കുള്ള അഡ്മിഷന്‍ ആരംഭിക്കുന്നത്. സ്‌കൂളിന്റെ ആദ്യകാലത്ത് 30 കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം നല്‍കിയിരുന്നത്.

ഇപ്പോള്‍ 45 കുട്ടികള്‍ക്ക് പ്രവേശനം നല്‍കി വരുന്നു. പത്താം ക്ലാസ് വിജയികള്‍ക്ക് ടിഎച്ച്എസ്എല്‍സി ട്രേഡ് സര്‍ട്ടിഫിക്കറ്റും നല്‍കുന്നു. ഐടിഐ യോഗ്യതക്ക് തത്തുല്യമായി ടിഎച്ച്എസ്എല്‍സി ട്രേഡ് യോഗ്യതയുള്ളവര്‍ക്ക് പിഎസ് സി തസ്തികകള്‍ക്ക് പരിഗണന, പോളിടെക്‌നിക്കില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് പത്ത് ശതമാനം സീറ്റ് സംവരണം, ഇംഗ്ലീഷ് പ്രാവീണ്യത്തിന് എന്റിച് യുവര്‍ ഇംഗ്ലീഷ് പദ്ധതി, പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ സപ്പോര്‍ട്ട് സ്‌കീം, വിവിധ സ്‌കോളര്‍ഷിപ്പുകള്‍, വിവിധ ക്ലബുകളുടെ പ്രവര്‍ത്തനം, സംസ്ഥാനതല കലാകായിക ശാസ്ത്ര സാങ്കേതികമേളകളില്‍ പങ്കെടുക്കുന്നതിന് അവസരവും ഗ്രേസ്മാര്‍ക്കും സംസ്ഥാന അംഗീകാരവും തുടങ്ങി നിരവധി ആനുകൂല്യങ്ങളാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുക. ഹൈടെക് സ്മാര്‍ട് ക്ലാസ് മുറികളും സ്‌കൂളിന്റെ പ്രത്യേകതയാണ്. ഒന്നാം നിലയുടെ നിര്‍മാണത്തിനായി രണ്ട് കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്ന മുറക്ക് ഹയര്‍ സെക്കന്‍ഡറി ആരം ഭിക്കാനുള്ള നടപടിയും നടന്നുകൊണ്ടിരിക്കുന്നു.

 

Back to top button
error: Content is protected !!