തുള്ളല്‍ ശീലുകളിലൂടെ പാഠ്യഭാഗത്തിന്റെ നേര്‍ക്കാഴ്ചയൊരുക്കി വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

മൂവാറ്റുപുഴ: വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുള്ളല്‍ അവതരണവും, പാഠഭാഗ വിശദീകരണവും നടത്തി. കലാമണ്ഡലം മഹീന്ദ്രനും സംഘവും ചേര്‍ന്ന് കുഞ്ചന്‍ നമ്പ്യാരുടെ ധ്രുവചരിതത്തിലെ തുള്ളല്‍ ശീലുകളുടെ നേര്‍ക്കാഴ്ചയാണ് ഒരുക്കിയത്. തുള്ളലിന്റെ വേഷം, പാട്ട്, മുദ്രകള്‍, അഭിനയം, താളം, രംഗാവതരണം തുടങ്ങിയ വിവിധ മേഖലകളുടെ കാഴ്ചയും വിശദീകരണവും വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകമായി. അധ്യയനത്തെ കൂടുതല്‍ ലളിതമാക്കാനും കുട്ടികള്‍ക്ക് തനത് കലാരൂപങ്ങളെ നേരിട്ട് പരിചയപ്പെടുവാനും അവസരമൊരുക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് സ്‌കൂള്‍ മാനേജര്‍ കമാന്‍ഡര്‍ സി. കെ. ഷാജി പറഞ്ഞു. ദൃശ്യ – ശ്രവണ ഡോക്യുമെന്റേഷനിലൂടെ ഭാവിയില്‍ ക്ലാസ് മുറികളില്‍ പ്രദര്‍ശിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ചിത്രീകരണവും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്നു. കണ്ണൂര്‍ മലയാളം കലാനിലയത്തിലെ കലാമണ്ഡലം മഹീന്ദ്രന്റെ നേതൃത്വത്തില്‍ കലാമണ്ഡലം പ്രസൂണ്‍, കലാമണ്ഡലം അമല്‍, കലാമണ്ഡലം ആകാശ് എന്നീ കലാകാരന്മാര്‍ ചേര്‍ന്നാണ് തുള്ളല്‍ അവതരണം നടത്തിയത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിജു കുമാര്‍, ഹെഡ്മിസ്ട്രസ് ജീമോള്‍ കെ. ജോര്‍ജ്, പി. ടി. എ. പ്രസിഡന്റ് എസ്. മോഹന്‍ദാസ്, എം. പി. ടി. എ. പ്രസിഡന്റ് ജോളി റെജി, അക്കാദമിക് കൗണ്‍സില്‍ അംഗം സുധീഷ് എം. എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!