കുടിവെള്ളം വേണം, വാളകം പഞ്ചായത്തുകാര്‍ക്ക്

മൂവാറ്റുപുഴ: വാളകം പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമത്തില്‍ പൊറുതിമുട്ടി ജനം. പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളായ ആവുണ്ട, ചെറിയ ഊരയം, പൂവാലന്‍കുന്ന്, പൊട്ടുമുകള്‍മല തുടങ്ങിയ പ്രദേശങ്ങളിലാണ് വേനല്‍ കടുത്തതോടെ കുടിവെള്ളക്ഷാമം രൂക്ഷമായത്. അധികൃതരുടെ ഭാഗത്തുനിന്ന് പരിഹാര നടപടികളൊന്നും കാര്യക്ഷമമാവുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്. ജല്‍ ജീവന്‍ പദ്ധതിയില്‍ വെള്ളം പമ്പ് ചെയ്യാന്‍ മോട്ടോര്‍ വാങ്ങി രണ്ടു മാസം കഴിഞ്ഞിട്ടും സ്ഥാപിച്ചിട്ടില്ല. പഞ്ചായത്തിലെ പറയരുകടവിലാണ് കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്നത്. നിലവില്‍ ഇവിടെ രണ്ട് മോട്ടോര്‍ ഉണ്ടെങ്കിലും ഉയര്‍ന്നപ്രദേശങ്ങളില്‍ വെള്ളം എത്തുന്നില്ല.

ജല്‍ജീവന്‍ പദ്ധതിയില്‍പെടുത്തി വാങ്ങിയ 80 എച്ച്.പിയുടെ രണ്ട് മോട്ടോര്‍ പമ്പ് ഹൗസില്‍ എത്തിയിട്ട് രണ്ടുമാസമായി. വേനല്‍ക്കാലം മുന്നില്‍ക്കണ്ട് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിനാണ് ഇവ വാങ്ങിയത്. പവര്‍ കൂടിയ ഈ മോട്ടോറുകള്‍ സ്ഥാപിച്ചാല്‍ കുടിവെള്ളക്ഷാമം പരിഹരിക്കാനാവും. പുതിയ മോട്ടോര്‍ സ്ഥാപിച്ച് വെള്ളം പമ്പുചെയ്ത് വിതരണം നടത്തണമെങ്കില്‍ ഇനിയും രണ്ടുമാസം കാലതാമസമുണ്ടാവുമെന്നാണ് വിവരം.
വേനല്‍ കനത്തതോടെ ജല ഉപഭോഗത്തില്‍ വന്ന വര്‍ധനക്കനുസരിച്ച് പഴയ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യാനാകുന്നില്ല. ഈ സാഹചര്യത്തില്‍ ഗ്രാമ പഞ്ചായത്ത് ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. പഞ്ചായത്തില്‍ വിവിധ പ്രദേശങ്ങളില്‍ പൊട്ടിക്കിടക്കുന്ന കുടിവെള്ള പൈപ്പുകള്‍ നന്നാക്കുകയും വേണം.

 

Back to top button
error: Content is protected !!