പദ്ധതി വിഹിതം നല്‍കിയില്ല: യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ധര്‍ണ നടത്തി

മൂവാറ്റുപുഴ: തദ്ദേശ സ്ഥാപനങ്ങള്‍ക്കുവേണ്ടി ബഡ്ജറ്റില്‍ നീക്കി വച്ച തുകയുടെ മൂന്നാം ഗഡു ഇനിയും നല്‍കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ മൂവാറ്റുപുഴ നഗരസഭ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസ് ഉദ്ഘാടനം നടത്തി. സാമ്പത്തിക വര്‍ഷം അവസാനിച്ചിട്ടും ബജറ്റില്‍ നീക്കി വച്ച തുക നല്‍കാത്തത് നഗരസഭകളുടെ വികസനത്തിന് തടസമാകുമെന്ന് ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. വികസനത്തിന് തുരംഗം വെക്കുന്ന ഇത്തരം നടപടി അംഗീകരിക്കാനാവില്ല. പൊതുവില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിന് പിന്നാലെയാണ് ബജറ്റ് വിഹിതം തടഞ്ഞ് വച്ചിരിക്കുന്നത്. എല്ലാ ബില്ലുകള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ബില്ലുകള്‍ മാറാന്‍ കഴിയാത്ത സാഹചര്യം സര്‍ക്കാര്‍ ബോധപൂര്‍വം സൃഷ്ടിചിരിക്കുക്കുകയാണ്. മൂന്ന് ഗഡുക്കള്‍ ആയിട്ടാണ് സര്‍ക്കാര്‍ നഗരസഭക്ക് പണം നല്‍കേണ്ടത്. ജനുവരി മാസത്തില്‍ ലഭിക്കേണ്ട മൂന്നാം ഗഡു ഇതു വരെയും പൂര്‍ണമായി നല്‍കിയിട്ടില്ല. ഇതു മൂലം പൂര്‍ത്തീകരിച്ച പദ്ധതികള്‍ക്ക് പണം നല്‍കാതെ സ്പില്‍ ഓവര്‍ ആയി വക മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന് എതിരായാണ് ജന പ്രതിനിധികള്‍ പ്രത്യക്ഷ സമരം സംഘടിപ്പിച്ചത്. വൈസ് ചെയര്‍പഴ്‌സണ്‍ സിനി ബിജു ആധ്യക്ഷത വഹിച്ചു. പി.എം അബുല്‍സലാം, ജോസ് കുര്യാക്കോസ്, ജിനു മടേക്കല്‍. അജി മുണ്ടട്ടു. ജോളി മണ്ണൂര്‍, അമല്‍ ബാബു, ബിന്ദു ജയന്‍. അസം ബീഗം എന്നിവര്‍ പ്രസംഗിച്ചു.