പി​റ​വ​ത്ത് നഗരസഭയുടെ അടിയന്തര കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍

പിറവം: നഗരസഭയുടെ അടിയന്തര കൗണ്‍സില്‍ യോഗം യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ബഹിഷ്‌കരിച്ചു. തുടര്‍ന്ന് ധര്‍ണയും നടത്തി. വിവിധ ആവശ്യങ്ങളും, ആരോപണങ്ങളും ഉന്നയിച്ചാണ് യുഡിഎഫ് പ്രതിഷേധിച്ചത്. നഗരസഭയിലെ നെല്‍ കര്‍ഷകരുടെ സബ്‌സിഡി ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ ഇതുവരെ എത്തിയിട്ടില്ലെന്നും ക്ഷീരകര്‍ഷകരുടെ സബ്‌സിഡി കഴിഞ്ഞ വര്‍ഷം മുതല്‍ നല്‍കുന്നുമില്ല. ഭവന പുനരുദ്ധാരണത്തിന് തുക നല്‍കാനായി ഉദ്ഘാടന മാമാങ്കം നടത്തിയെങ്കിലും ആര്‍ക്കും തുക ലഭിച്ചിട്ടില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി. വീടുകളിലെ ശൗചാലയം പുനരുദ്ധാരണത്തിനും ഉദ്ഘാടനം നടത്തിയെങ്കിലും ഒരാള്‍ക്കുപോലും തുക ലഭ്യമായിട്ടില്ല. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് യഥാസമയം കൂലിയും ലഭിക്കുന്നില്ല. കൊയ്ത്തുമെതി യന്ത്രങ്ങള്‍ നോക്കുകുത്തിയായി നഗരസഭ ഓഫീസിന് സമീപം കിടക്കുന്നു. മത്സ്യ മാര്‍ക്കറ്റിലെ വൈദ്യുതി കണക്ഷന്‍ വിഛേദിച്ചത് വില്‍പ്പനക്കാര്‍ക്ക് തിരിച്ചടിയാവുകയാണ്. ക്ഷേമ പെന്‍ഷന്‍ കുടിശികയായി. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു യുഡിഎഫ് പ്രതിഷേധം. തുടര്‍ന്ന് നഗരസഭ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ സെക്രട്ടറിയും കൗണ്‍സിലറുമായ രാജു പാണാലിക്കല്‍ അധ്യക്ഷത വഹിച്ചു. വത്സല വര്‍ഗീസ്, അന്നമ്മ ഡോമി, പ്രശാന്ത് മന്പുറത്ത്, ജിന്‍സി രാജു ജോജിമോന്‍ ചാരുപ്ലാവില്‍ , സിനി ജോയി, ബബിത ശ്രീജി, രമ വിജയന്‍ , മോളി ബെന്നി എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!