കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ ത്രിദിന രാപ്പകല്‍ സമരം മൂവാറ്റുപുഴയില്‍

മൂവാറ്റുപുഴ: കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാനത്ത് മൂന്ന് കേന്ദ്രങ്ങളില്‍ രാപ്പകല്‍ സമരം നടത്തും. പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് കൃത്യമായി വിതരണം ചെയ്യണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 18,19,20 തീയതികളില്‍ മൂവാറ്റുപുഴ, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലാണ് സമരം. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള പെന്‍ഷനേഴ്സ് മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപം നടക്കുന്ന സമരത്തില്‍ ഭാഗമാകും. 12 കൊല്ലം മുമ്പുള്ള പെന്‍ഷനാണ് ഇപ്പോഴും ലഭിക്കുന്നത്. പകുതിയിലേറെ പേര്‍ക്കും 10000 രൂപയില്‍ താഴെയാണ് പെന്‍ഷന്‍. ഇതാകട്ടെ വല്ലപ്പോഴുമാണ് ലഭിക്കുന്നത്. നാല് വര്‍ഷമായി ഓണം ഉത്സവബത്ത ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മൂന്നു ദിവസത്തെ രാപ്പകല്‍ സമരത്തിലേക്ക് സംഘടന നീങ്ങുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എ.എന്‍. അരവിന്ദാക്ഷന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ജെ.സി.എസ്. നായര്‍, സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി ജോസഫ് ഓടയ്ക്കാലി എന്നിവര്‍ പങ്കെടുത്തു.