വേനൽ മ​ഴ ച​തി​ച്ചു: കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷം; കൃ​ഷി​യി​ട​ങ്ങ​ൾ ക​രി​ഞ്ഞു​ണ​ങ്ങു​ന്നു

വാഴക്കുളം: അതികഠിനമായ അന്തരീക്ഷച്ചൂടും ജലദൗര്‍ലഭ്യതയും വരള്‍ച്ച രൂക്ഷമാക്കുന്നു. മഞ്ഞള്ളൂര്‍, ആവോലി, കല്ലൂര്‍ക്കാട് മേഖലകളില്‍ കുടിവെള്ള വിതരണം ഭാഗികമായി തടസപ്പെട്ടു. പലയിടങ്ങളിലും മതിയായ അളവില്‍ വെള്ളം ലഭിക്കുന്നില്ല. പല പ്രദേശങ്ങളിലുംകുടിവെള്ള വിതരണത്തെ ചൊല്ലി ഉദ്യോഗസ്ഥരുമായി തര്‍ക്കങ്ങള്‍ ഉണ്ടാകുന്ന അവസ്ഥയിലാണ്. കുടിവെള്ള ലഭ്യതക്കുറവിന്റേയും പ്രാദേശിക പൊതു വിഷയങ്ങളുടേയും പേരില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വോട്ട് ബഹിഷ്‌കരിച്ചിരുന്നു. പുഴയിലെ ജലനിരപ്പ് താണതോടെ കുടിവെള്ളത്തിനുള്ള പമ്പിംഗ് തടസപ്പെടുകയാണ്. ഇത് കുടിവെള്ള വിതരണത്തെയ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പുഴയിലും കുളങ്ങളിലും കിണറുകളിലും ജല നിരപ്പ് താഴ്ന്നതോടെ കൃഷിയിടങ്ങളും കരിഞ്ഞുണങ്ങുകയാണ്. വേനല്‍മഴ ലഭിക്കുന്നതോടെ മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളില്‍ ചേന, കപ്പ തുടങ്ങിയ തന്നാണ്ടുകൃഷിയിറക്കുകയാണ് പതിവ്. മേഖലയില്‍ ഒരിടത്തും കാര്യമായ വേനല്‍ മഴ ലഭിച്ചില്ല. അതിനാല്‍ ആദ്യ വേനല്‍ മഴയ്ക്കുളള കൃഷിയിറക്കാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇക്കാരണത്താല്‍ ഈ വര്‍ഷം കാര്‍ഷികോത്പാദനത്തില്‍ വന്‍ തിരിച്ചടി നേരിടും. ജാതി, വാഴ, കമുക് തുടങ്ങിയ കൃഷികളേയും വരള്‍ച്ച കാര്യമായി ബാധിച്ചു. പൈനാപ്പിള്‍ ചെടികള്‍ പലയിടങ്ങളിലും കരിഞ്ഞുണങ്ങി. വര്‍ഷങ്ങളോളം പരിപാലിച്ച് വിളവെടുപ്പ് നടത്തുന്ന ജാതി മരങ്ങളുടെ ഇലകള്‍ കരിയുകയാണ്. പലയിടത്തും തണ്ടുണങ്ങി തുടങ്ങിയതായി കര്‍ഷകര്‍ പറയുന്നു. വളര്‍ത്തുമൃഗങ്ങള്‍ ഉഷ്ണവും ജലക്കുറവും മൂലം ദുരിതത്തിലാണ്. കനത്ത ചൂട് കാരണം പശുക്കളില്‍ പാല്‍ ഉത്പാദനം കുറയുന്നു. പശുക്കള്‍ക്കുള്ള തീറ്റപ്പുല്ലും കരിഞ്ഞു നില്‍ക്കുകയാണ്. അതിനാല്‍ പച്ചപ്പുല്ലിന് ക്ഷാമം നേരിടുന്നു. കുടിവെള്ളം കിട്ടാക്കനിയാകുന്നതോടെ തോട്ടങ്ങളില്‍ അരുമ സസ്യങ്ങള്‍ക്ക് ദാഹനീര്‍ നല്‍കാന്‍ കഴിയാതെ കര്‍ഷകര്‍ വലയുന്നു. സമീപ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട വേനല്‍മഴ ലഭിച്ചിട്ടുണ്ട്. വാഴക്കുളം മേഖലയില്‍ കാര്യമായ മഴ ലഭിച്ചില്ല. നല്ലൊരു മഴയ്ക്കായി കാത്തിരിക്കുകയാണ് കര്‍ഷകരും പ്രദേശവാസികളും.

Back to top button
error: Content is protected !!