ചക്ക പഴയ ചക്കയല്ല…ഇടിയന്‍ ചക്കയ്ക്ക് പ്രിയമേറുന്നു…

മൂവാറ്റുപുഴ: നല്ല തേന്‍വരിക്ക ചക്കയുടെ രുചിയറിയാന്‍ നാട്ടിലിനി ചക്കയൊന്നുപോലും ബാക്കിയുണ്ടാവില്ലന്ന അവസ്ഥയാണ് വരാന്‍ പോകുന്നത്. രുചിയൂറും വിഭവങ്ങളുമായി ചക്ക നാടുകടക്കാന്‍ തുടങ്ങിയതോടെ മനുഷ്യരേക്കാള്‍ പക്ഷികള്‍ക്കും പ്രാണികള്‍ക്കും ഭക്ഷണമായിരുന്ന ചക്കയിപ്പോള്‍ രുചിയുടെ രസകൂട്ടുകളുമായി നാടുകടന്ന് ചെന്ന് പണം വാരുകയാണ്. മൂവാറ്റുപുഴ, കൂത്താട്ടുകുളം, പിറവം, കോതമംഗലം, തൊടുപുഴ എന്നിവിടങ്ങളിലെ പറമ്പുകളില്‍ നിറയെ ഉണ്ടായിരുന്ന ചക്ക മൂപ്പെത്തും മുമ്പേ വെട്ടിയെടുത്ത് അന്യസംസ്ഥാനങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്ത് വരികയാണ്. പറമ്പിലെ പ്ലാവില്‍ അവശേഷിക്കുന്ന ചക്കത്തിരിക്ക് പോലും വിലപറഞ്ഞ് പണം വാങ്ങി കഴിഞ്ഞു. കച്ചവടക്കാര്‍ ഇടിയന്‍ ചക്ക പാകത്തിലുള്ളവയൊക്കെ പറിച്ച് കാലടി, പെരുമ്പാവൂര്‍, ഓടക്കാലി എന്നിവിടങ്ങളിലെ കയറ്റുമതി കേന്ദ്രങ്ങളിലേയ്ക്ക് എത്തിക്കുന്നതിന്റെ തിരക്കിലാണ്. ഇക്കുറി എല്ലാ വര്‍ഷത്തേക്കാളും ഇടിയന്‍ ചക്കയ്ക്ക് നല്ല ഡിമാന്റാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി കര്‍ഷകര്‍ക്ക് നല്ല വിലയും ലഭിക്കുന്നുണ്ട്. 50 മുതല്‍ 80രൂപ വരെയാണ് ഒരു ഇടിയന്‍ ചക്കയുടെ വില. ഇക്കുറി വിളവ് കുറഞ്ഞതും ചെറുകിട കച്ചവടക്കാരുടെ വര്‍ധനവും ഇടിയന്‍ ചക്കയുടെ ഡിമാന്റ് വര്‍ധിക്കാന്‍ കാരണമായി. വിവിധ ചക്ക വിഭവങ്ങളും പോഷക ഗുണമുള്ള ഭക്ഷണമായും ഇത് മാറ്റിയെടുക്കുന്നു.സീസണ്‍ ആകുന്നതിന് മുമ്പ് തന്നെ ലക്ഷങ്ങളുടെ കച്ചവടമാണ് നടക്കുന്നത്. ഡെല്‍ഹി, മുംബൈ, ബാഗ്ലൂര്‍, ചെന്നൈ, അടക്കമുള്ള മെട്രോ നഗരങ്ങളിലേയ്ക്കും ഗള്‍ഫ് രാഷ്ട്രങ്ങളിലേയ്ക്കും നാട് കടക്കുന്ന ചക്ക സ്പൈസി ജാക്ക് റോസ്റ്റ്, ഗോള്‍ഡണ്‍ ജാക്ക് മിക്സചര്‍, ജാക്ക് ബാര്‍, ജാക്ക് ജാഗറി സ്വീറ്റ്, തുടങ്ങിയ വിത്യസ്ഥ വിഭവങ്ങളായി മാറുകയാണ് ചെയ്യുന്നത്. കിഴക്കന്‍ മേഖലയിലെ പറമ്പുകളില്‍ മൂത്ത് പഴുത്ത് താഴെ വീണ് ചീഞ്ഞ് പോയിരുന്ന ചക്കയിപ്പോള്‍ രുചി നോക്കാന്‍ പോലും കിട്ടാനില്ലാത്ത അവസ്ഥയാണ് വരാന്‍ പോകുന്നത്. ആര്‍ക്കും വേണ്ടാത്ത ചക്കകുരുവിന് പോലും ഇപ്പോള്‍ നാട്ടിലെ കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും അപാര വിലയാണ്. 40 മുതല്‍ 75രൂപ വരെയാണ് കിലോയ്ക്ക് വില. ചക്കകുരുവാകട്ടെ ജാക്ക് സ്വീഡ് സാലയും, പോട്ട് റോസ്റ്റഡും ജാക്ക് സ്വീഡുമൊക്കെയായി വടക്കേ ഇന്ത്യയിലും ഗള്‍ഫ് നാടുകളിലും രുചിയുടെ താരമായി മാറിയിരിക്കുകയാണ്.

 

Back to top button
error: Content is protected !!