നിയന്ത്രണം നഷ്ടപ്പെട്ട ടോറസ് ലോറി 10 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം: ഡ്രൈവര്‍ക്ക് പരിക്ക്

മൂവാറ്റുപുഴ: നിയന്ത്രണം നഷ്ടപ്പെട്ട ടോറസ് ലോറി 10 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. മൂവാറ്റുപുഴ – കൂത്താട്ടുകുളം എംസി റോഡില്‍ ആറൂര്‍ മഞ്ഞമാക്കിത്തടം കവലയില്‍ ഇന്ന് പുലര്‍ച്ചെ 2ഓടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ലോറി ഡ്രൈവര്‍ പെരുമ്പാവൂര്‍ സ്വദേശി രാജീവ് (40) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. രാജീവ് മാത്രമാണ് അപകടത്തില്‍പ്പെട്ട വാഹനത്തിലുണ്ടായിരുന്നത്. മൂവാറ്റുപുഴ ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് ചരക്കെടുക്കാന്‍ പോവുകയായിരുന്ന രാജീവ് സഞ്ചരിച്ച ലോറി കൊടുംവളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട് 10 അടി താഴ്ചയിലെ റബ്ബര്‍തോട്ടത്തിലേക്ക് മറിയുകയായിരുന്നു. റോഡരികിലെ ഡിവൈഡറും, ഫ്‌ളെക്‌സ് ബോര്‍ഡും തകര്‍ത്ത് മറിഞ്ഞ ലോറി റബ്ബര്‍മരത്തില്‍ തടഞ്ഞ് നിന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. അപകടത്തെതുടര്‍ന്ന് ലോറിയില്‍ കാല്‍ കുടുങ്ങിയ രാജീവിനെ മൂവാറ്റുപുഴ – കൂത്താട്ടുകുളം ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് പുറത്തെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്കേറ്റ രാജീവ് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായ അനീഷ് ടി.പി, അജീഷ് കുമാര്‍, സിദ്ധിഖ് ഇസ്മയില്‍, അയൂബ്്, റെനീഷ്, ഷമീര്‍ഖാന്‍, നിഷാദ് പി.എ, കെ.കെ. രാജു എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഇറക്കവും, കൊടും വളവുമുള്ള റോഡില്‍ അപകടങ്ങള്‍ പതിവാണ്.

 

 

 

Back to top button
error: Content is protected !!