വേ​ന​ൽ ക​ടു​ത്തു; പു​ഴ​ക​ളും വ​റ്റു​ന്നു : കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ വ​ര​ൾ​ച്ച രൂ​ക്ഷം

പോത്താനിക്കാട്: വേനല്‍ കനത്തതോടെ ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ പുഴകളും വറ്റുന്നു. ഇതോടെ പുഴയെ ആശ്രയിക്കുന്ന മേഖലകളില്‍ ജലദൗര്‍ലഭ്യതയും വരള്‍ച്ചയും രൂക്ഷമാവുകയാണ്. പുഴ വറ്റുന്നതോടെ പ്രദേശത്തെ കുളങ്ങളിലും കിണറുകളിലും വെള്ളം വറ്റിവരണ്ടു. കനത്ത ചൂടില്‍ പുഴയില്‍ ജലനിരപ്പ് താഴ്ന്നതുമൂലം വിവിധ പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണവും ഭാഗികമായി മുടങ്ങി. പുഴയില്‍ മതിയായ അളവില്‍ ജലലഭ്യത ഇല്ലാത്തതിനാല്‍ പമ്പിംഗും തടസപ്പെടുന്നുണ്ട്. ജലലഭ്യത കുറഞ്ഞത് കാര്‍ഷിക മേഖലക്കും വിനയായി. തന്നാണ്ട് കൃഷികളെയെല്ലാം വരള്‍ച്ച ബാധിച്ചു. കൃഷിയിടങ്ങള്‍ വെള്ളമില്ലാതെ കരിഞ്ഞുണങ്ങുന്ന സ്ഥിതിയുമുണ്ട്. വേനല്‍മഴ ലഭിച്ചിരുന്ന മാര്‍ച്ച് -ഏപ്രില്‍ മാസങ്ങളില്‍ ചേന, കപ്പ തുടങ്ങിയ തന്നാണ്ട് കൃഷികള്‍ ആരംഭിക്കുകയാണ് പതിവ്. മേഖലയില്‍ ഒരിടത്തും കാര്യമായ വേനല്‍ മഴ ലഭിക്കാത്തതിനാല്‍ ഇത്തരം കൃഷികള്‍ ആരംിക്കാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. കമുക്, ജാതി, വാഴ, പൈനാപ്പിള്‍ ക്യഷികള്‍ പലയിടങ്ങളിലും കരിഞ്ഞുണങ്ങി. വളര്‍ത്തുമൃഗങ്ങളെയും ഉഷ്ണവും ജലക്കുറവും ദുരിതത്തിലാക്കുന്നുണ്ട്. ചില പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട വേനല്‍മഴ ലഭിച്ചെങ്കിലും ഭൂരിഭാഗം പ്രദേശങ്ങളിലും മഴ ലഭിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ മഴ ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ വന്‍തോതില്‍ കൃഷിനാശം ഉണ്ടാകുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.

 

Back to top button
error: Content is protected !!