സംസ്ഥാന ക്ലൈമറ്റ് ക്യാമ്പിന് ഇരവികുളത്ത് സമാപനം

കൊച്ചി: മനുഷ്യവാസത്തിന് സാധ്യമല്ലാത്ത വിധം കേരളത്തില്‍ ചൂട് വര്‍ധിക്കുന്നത് തടയാന്‍ പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കുക എന്ന സന്ദേശം ഉയര്‍ത്തി സംഘടിപ്പിച്ച സംസ്ഥാന ക്ലൈമറ്റ് ക്യാമ്പിന് ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ സമാപനം. കൊച്ചിയില്‍ നിന്നാരംഭിച്ച ജാഥയുടെ സമാപനത്തോടനുബന്ധിച്ച് മൂന്നാര്‍ രാജമല ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ നടന്ന ക്ലൈമറ്റ് കണ്‍വെന്‍ഷന്‍ ഡിഎഫ്ഒ വിനോദ് എസ്.വി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവര്‍ത്തകന്‍ അസീസ് കുന്നപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പരിസ്ഥിതി നേതാക്കളും, പരിസ്ഥിതി സംഘടന പ്രതിനിധികളും ക്യാമ്പില്‍ പങ്കെടുത്തു. ഗോവയില്‍ നിന്നുള്ള പശ്ചിമഘട്ട സംരക്ഷണ പരിസ്ഥിതി പ്രവര്‍ത്തക ആരതി നായരുടെ സാന്നിധ്യവും ക്യാമ്പില്‍ ശ്രദ്ധേയമായി. പശ്ചിമഘട്ട വനമേഖലയുടെ സംരക്ഷണത്തിനായി അടിയന്തിര നടപടികള്‍ ആവശ്യമാണെന്ന് ക്യാമ്പ് മുന്നറിയിപ്പ് നല്‍കി. അധിനിവേശ സസ്യങ്ങള്‍ പ്രാദേശിക ജൈവവൈവിധ്യത്തിന് വലിയ ഭീഷണിയാണ്. ഷോള വനങ്ങളിലെ സ്വാഭാവിക സസ്യജാലങ്ങളെ യൂക്കാലിപ്റ്റസ് മരങ്ങള്‍ ഞെരുക്കുകയും വെള്ളം വലിച്ചെടുക്കുകയും ചെയ്യുന്നു. ഇത് പശ്ചിമഘട്ട വനമേഖലയുടെ ജലസംഭരണികളെ ദോഷകരമായി ബാധിക്കുകയും തദ്ദേശീയ സസ്യജന്തുജാലങ്ങളുടെ നാശത്തിന് കാരണമാകുകയും ചെയ്യുന്നു. ഷോള വനങ്ങളില്‍ വച്ചുപിടിപ്പിച്ച യൂക്കാലിപ്റ്റസും ഗ്രാന്റിസ് മരങ്ങളും ഉടന്‍ നീക്കം ചെയ്യണമെന്ന് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പശ്ചിമഘട്ട മേഖലകളിലെ തേയില തോട്ടങ്ങളില്‍ പ്ലാസ്റ്റിക് വ്യാപനം അപകടകരമാംവിധം വര്‍ധിച്ചിരിക്കുകയാണ്.അപൂര്‍വ്വ ഇനത്തില്‍പ്പെട്ട നീലഗിരി വരയാടുകള്‍ പ്ലാസ്റ്റിക് ഭക്ഷിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടുവെന്നും ഇത് വരയാടുകള്‍ പോലുള്ള അപൂര്‍വ്വ ജീവികളുടെ വംശനാശത്തിന് കാരണമാകുമെന്നും ക്യാമ്പ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. നാം അനൂപ് വി.പി, ധര്‍മരാജ് വി.കെ, ബൈജു അന്ധകാരനാഴി നിസാമുദ്ദീന്‍ തിരുവനന്തപുരം സച്ചിന്‍ സി.ജെ, എം ആന്റസ് അഫ്‌സല്‍, ജോയ് തൃശൂര്‍, ശാഹുല്‍ ഹമിദ്, ജോബി പാലാ കൂമ്പന്‍കല്ല്, നിയാസ് ബാവ തുടങ്ങിയവര്‍ സെമിനാറില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. രണ്ടുദിവസം നീണ്ട ക്യാമ്പില്‍ വനമേഖലയിലും ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളിലും ഉള്ള പ്ലാസ്റ്റിക്കുകള്‍ ക്യാമ്പ് അംഗങ്ങള്‍ ശുചീകരിച്ചു. യുവാക്കള്‍ക്കായി ഒരു ദിവസത്തെ വനസാഹസിക യാത്രയും ഒരുക്കിയിരുന്നു. പ്രമുഖ പരിസ്ഥിതി സംഘടനയായ ഗ്രീന്‍ പീപ്പിളും മീരാസ് ഡിജിറ്റല്‍ പബ്ലിക് ലൈബ്രറിയും ചേര്‍ന്നാണ് ക്ലൈമറ്റ് ക്യാമ്പ് സംഘടിപ്പിച്ചത്.

 

Back to top button
error: Content is protected !!