ജി​ല്ല​യി​ല്‍ ഇതുവരെ സൂ​ര്യാ​ഘാതമേ​റ്റത് 162 പേ​ര്‍​ക്ക്

കൊച്ചി: ചുട്ടുപ്പൊള്ളുന്ന വെയിലില്‍ ജില്ലയില്‍ സുര്യാഘാതമേറ്റത് 162 പേര്‍ക്ക്. വിവിധ സ്ഥലങ്ങളില്‍ ഇന്നലെ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളാണിവ. ഇതിനുപുറമെ ചൂടിനെത്തുടര്‍ന്ന് 40 വളര്‍ത്തുമൃഗങ്ങളും ചത്തു. ഇവയുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് മുന്നിറിയിപ്പ് നല്‍കി. പകല്‍ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. സ്‌കൂളുകളില്‍ ഈ മാസം 10 വരെ അവധിക്കാല ക്യാമ്പുകളോ ക്ലാസ്സുകളോ നടത്തരുത്. മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതായാലും ക്രിക്കറ്റ് ടൂര്‍ണമെന്റ് പോലുള്ള ഔട്ട്ഡോര്‍ ഇവന്റുകള്‍ നടത്തരുത്. ഇതുസംബന്ധിച്ച് ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന് കളക്ടര്‍ നിര്‍ദേശം നല്‍കി. തൊഴിലാളികളുടെ തൊഴില്‍ സമയം പുനക്രമീകരിച്ചത് പാലിക്കുന്നുണ്ടെന്ന് തൊഴില്‍ വകുപ്പ് ഉറപ്പാക്കണം. ആസ്ബസ്റ്റോസ്, ടിന്‍ ഷീറ്റുകള്‍ മേല്‍ക്കൂരയായിട്ടുള്ള തൊഴിലിടങ്ങളില്‍ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കണം. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ പൊതുസ്ഥലങ്ങളില്‍ തണ്ണീര്‍ പന്തല്‍ ഒരുക്കണം. തണ്ണീര്‍ പന്തല്‍ ഒരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങളും മുന്‍കൈയെടുക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. എല്ലാ തദ്ദേശ സ്ഥാപനങ്ങളും തങ്ങളുടെ പരിധിയില്‍ മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കണം. ആവശ്യമായ ഫയര്‍ ടെന്‍ഡറുകള്‍ സജ്ജമാക്കണം. ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ തീപിടിത്തം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ ഫയര്‍ ആന്റ് റെസ്‌ക്യൂവുമായി ചേര്‍ന്ന സ്ഥിതിഗതികള്‍ വിലയിരുത്തണം. പ്രധാന മാലിന്യനിക്ഷേപ കേന്ദ്രങ്ങളുടെ പട്ടിക എല്ലാ തദ്ദേശ സ്ഥാപനങ്ങളും സമര്‍പ്പിക്കാനും കളക്ടര്‍ നിര്‍ദേശിച്ചു. പ്രധാന മാര്‍ക്കറ്റുകളിലും നിരീക്ഷണം ശക്തമാക്കണമെന്നും കളക്ടര്‍ അറിയിച്ചു.

Back to top button
error: Content is protected !!