കൊച്ചിയിൽ ബാറിന് മുന്നിലെ വെടിവെപ്പ്: മൂന്നുപേര്‍ അറസ്റ്റില്‍: സംഘം സഞ്ചരിച്ച കാര്‍ മൂവാറ്റുപുഴയില്‍ നിന്ന് കണ്ടെത്തി

കൊച്ചി: എറണാകുളം കതൃക്കടവിലെ ഇടശേരി ബാറിന് മുന്നില്‍ വെടിവയ്പില്‍ മൂന്നുപേരെ എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി 11.30ഓടെയായിരുന്നു നഗരത്തെ നടുക്കിയ സംഭവം. രണ്ടും മൂന്നും നാലും പ്രതികളായ ഇടപ്പള്ളി ബിടിഎസ് റോഡ് എസ്എംടി വിലാസില്‍ വിജയ് (32), തായ്ക്കാട്ടുകര പൊയ്യേക്കര പി.എ. ഷെമീര്‍ (32), കളമശേരി എച്ച്എംടി ജംഗ്ഷന്‍ മൂലേപ്പാടം റോഡ് വെച്ചൂപടിഞ്ഞാറേതില്‍ ദില്‍ഷന്‍ (34) എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. സംഘം സഞ്ചരിച്ച കെഎല്‍ 51 ബി 2194 നമ്പര്‍ ഫോര്‍ഡ് ഫിഗോ കാര്‍ മൂവാറ്റുപുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇന്നലെ രാവിലെ കണ്ടെത്തിയിരുന്നു. ഈ കാര്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. വിരലടയാള വിദഗ്ധര്‍ വാഹനം പരിശോധിച്ചു. മൂവാറ്റുപുഴയില്‍ നിന്നെടുത്ത റെന്റ് എ കാറിലാണ് പ്രതികള്‍ എത്തിയതെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഈ വാഹനം തിരിച്ചു മൂവാറ്റുപുഴയിലേക്ക് പോയതായും പോലീസ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വാഹന ഉടമ മൂവാറ്റുപുഴ സ്വദേശിയാണെന്ന് കണ്ടെത്തിയത്.

സംവ സ്ഥത്ത് വെടിയുതിര്‍ത്ത ഒന്നാം പ്രതിക്കായും അഞ്ചാം പ്രതിക്കായും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാര്‍ മാനേജര്‍ കോട്ടയം കാഞ്ഞിരപ്പള്ളി ഉള്ളാട്ടില്‍ വീട്ടില്‍ ജിതിന്‍ ജോര്‍ജ് (25), ബാര്‍ ജീവനക്കാരും എറണാകുളം സ്വദേശികളുമായ സുജിന്‍ ജോണ്‍(30), അഖില്‍ (30) എന്നിവര്‍ക്കാണ് വെടിവെയ്പില്‍ പരിക്കേറ്റത്. ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 7.62 എംഎം പിസ്റ്റളാണ് പ്രതികള്‍ ഉപയോഗിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. തോക്കിന് ലൈസന്‍സ് ഉണ്ടോയെന്നും പരിശോധിക്കുകയാണ്. അറസ്റ്റിലായ പ്രതികളുടെ പേരില്‍ മറ്റു ക്രമിനല്‍ കേസുകളുള്ളതാണ്. കരുതിക്കൂട്ടിയുള്ള വധശ്രമം, ആയുധം കൈവശം വയ്ക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. വെടിയുണ്ട സുജിന്റെ വയറിലും അഖിലിന്റെ ഇടതു തുടയിലുമാണ് തറച്ചുകയറിയത്. രാത്രി ബാറിലെത്തിയ സംഘം ബാര്‍ അടച്ചതിന് ശേഷവും മദ്യം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമണത്തില്‍ കലാശിച്ചത്. തുടര്‍ന്ന് മാനേജര്‍ ജിതിന്‍ ജോര്‍ജുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അതി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മാനേജരെ അക്രമിച്ച സംഘത്തെ തടയാനെത്തിയ ബാര്‍ ജീവനക്കാരായ സുജിനെയും അഖിലിനെയും പ്രതികളിലൊരാള്‍ കൈയിലുണ്ടായിരുന്ന പിസ്റ്റള്‍കൊണ്ട് പലതവണ വെടിവച്ചു. വെടിയുണ്ട തുളച്ചുകയറിയ ഇരുവരും ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ലെന്നും ഇരുവരും നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സംഭവസ്ഥലത്ത് നിന്ന് പോലീസ് വെടിയുണ്ട കണ്ടെടുത്തു. ഇടപ്പള്ളിയിലെ മറ്റൊരു ബാറില്‍ നിന്നും മദ്യപിച്ച ശേഷം പ്രതികളിലൊരാളുടെ പരിചയത്തില്‍ മദ്യം വാങ്ങാനാണ് ഇടശേരി ബാറിലെത്തിയത്. ഇവിടെ വച്ച് പ്രതികളായ ഷെമീറും ദില്‍ഷനും തമ്മില്‍ അടിപിടിയുണ്ടാകുകയും ചെയ്തിരുന്നു. അക്രമി സംഘം കഴിഞ്ഞ ദിവസവും ഇതേ ബാറിന് മുന്നില്‍ പ്രവര്‍ത്തന സമയം കഴിഞ്ഞും മദ്യം ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയിരുന്നതായി പോലീസ് പറഞ്ഞു.

Back to top button
error: Content is protected !!