മാറാടി പഞ്ചായത്തിൽ കലക്കവെള്ളം കുടിക്കേണ്ട ഗതികേടിൽ പട്ടികജാതി കുടുംബങ്ങൾ

മൂവാറ്റുപുഴ: കുടിവെള്ളമായി കലക്കവെള്ളം കുടിക്കേണ്ട ഗതികേടിലാണ് 45 ഓളം പട്ടികജാതി കുടുംബങ്ങള്‍. മാറാടി പഞ്ചായത്ത് ഒന്ന്, 13 വാര്‍ഡുകളിലെ കുടുംബങ്ങള്‍ക്കാണ് കലക്കവെള്ളം കുടിക്കേണ്ട ദുരവസ്ഥ. പട്ടികജാതിക്കാരുടെ ക്ഷേമത്തിനായി അഞ്ചു വര്‍ഷം മുന്‍പ് ഒരു കോടി രൂപ അംബേദ്കര്‍ കോളനി നവീകരണ പദ്ധതിയില്‍ കെല്‍ നിര്‍വഹണ ഏജന്‍സിയെ ഏല്‍പ്പിച്ച് നടപ്പാക്കിയ കുടിവെള്ള പദ്ധതിയാണ് നിര്‍മാണത്തിലെ അപാകത മൂലം അവതാളത്തിലായിരിക്കുന്നത്. ജിഐ പൈപ്പിലൂടെ ഗുണഭോക്താക്കള്‍ക്ക് മലിനമായതും ദുര്‍ഗന്ധംവമിക്കുന്നതുമായ മഞ്ഞനിറത്തില്‍ ഇരുമ്പ് കലര്‍ന്ന കുടിവെള്ളമാണ് ഇപ്പോള്‍ ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ഈ പദ്ധതിയുടെ നടത്തിപ്പ് സംബന്ധമായ സമഗ്രമായ അന്വേഷണം നടത്തണമെന്നും, പദ്ധതി ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും എസ്സി ജില്ലാ ഓഫീസര്‍ ബന്ധപ്പെട്ടവര്‍ക്ക് കത്ത് നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

തുക അനുവദിച്ച് അഞ്ചുവര്‍ഷം മുന്‍പ് നിര്‍മാണം ആരംഭിച്ചെങ്കിലും സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തത് മൂലം എസ്റ്റിമേറ്റ് പുതുക്കേണ്ടിവന്നതിനാല്‍ നേരത്തെ പറഞ്ഞിട്ടുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് സാധിച്ചില്ല. അതുമൂലം കുടുംബങ്ങള്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ട അവസ്ഥയുമുണ്ട്. പട്ടികജാതി വികസന വകുപ്പ് മുഖേന ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നടപ്പാക്കിയ പദ്ധതിയുടെ പ്രയോജനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാത്തതിനെ തുടര്‍ന്ന് ജോലി ഏറ്റെടുത്തിട്ടുള്ള കരാറുകാര്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കിയതായി മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി പറഞ്ഞു.

Back to top button
error: Content is protected !!