മ​ര​ണ​ക്ക​യ​ങ്ങ​ളാ​യി മൂ​വാ​റ്റു​പു​ഴ​യാ​റ്റി​ലെ മ​ണ​ൽ ക​യ​ങ്ങ​ൾ

പിറവം: കടുത്ത ചൂടിന് ആശ്വാസം തേടി കുളിച്ചുല്ലസിക്കാന്‍ മൂവാറ്റുപുഴയാറിലെത്തുന്നവര്‍ക്ക് മണല്‍ക്കുഴികള്‍ അപകടക്കെണിയാകുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പിറവം, രാമമംഗലം മേഖലയില്‍ 39 ഓളം പേരാണ് പുഴയില്‍ മുങ്ങി മരിച്ചത്. ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം ഊരമന പെരുവംമുഴി ഭാഗത്ത് കുളിക്കാനിറങ്ങിയ ബംഗളൂരു സ്വദേശി ലിങ്കന്‍ കുര്യനാണ് മരിച്ചത്. ഇയാള്‍ മണല്‍ക്കുഴിയില്‍പ്പെട്ട് നിലയില്ലാക്കയത്തിലേക്ക് പോവുകയായിരുന്നു. മുവാറ്റുപുഴയാറിന്റെ മേല്‍ത്തട്ടില്‍ ഒഴുക്കു തോന്നിക്കില്ലെങ്കിലും അടിഭാഗത്ത് നല്ല ഒഴുക്കാണ്. ഇതാണ് ജീവഹാനിക്ക് കാരണമാകുന്നത്. മാസങ്ങള്‍ക്ക് മുന്പ് മാമലശേരി പയ്യാറ്റില്‍ കടവില്‍ യുവ ഡോക്ടറായ തൊടുപുഴയിലെ സ്വാകാര്യ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്‍ ഉല്ലാസ് അര്‍. മുല്ലമലയുടെ ജീവനെടുത്തതും മണല്‍ക്കുഴികള്‍ തന്നെയായിരുന്നു. നേരത്തെ നെച്ചൂര്‍ കടവില്‍ രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചിരുന്നു. ഇതിനു മുന്പ് പാഴൂര്‍ മണപ്പുറത്ത് കടവിലും ഒരാള്‍ മരണമടഞ്ഞു. പുറത്തു നിന്നെത്തുന്നവര്‍ക്കാണ് ഏറെയും ജീവഹാനി സംഭവിച്ചത്. പയ്യാറ്റില്‍ കടവില്‍ ഭാഗത്ത് ഒരു വര്‍ഷം മുന്പ് ചേര്‍ത്തല സ്വദേശി മുങ്ങി മരിച്ചിരുന്നു. ഇതിനു മുന്പ് ഒരു ശെമ്മാച്ചനും മരിച്ചിട്ടുണ്ട്. അപകട സാധ്യതയുള്ള കടവുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്നുമുള്ള ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ടെങ്കിലും അധികൃതരാരും ഇത് ചെവിക്കൊള്ളുന്നില്ലെന്നാണ് ആക്ഷേപം.

Back to top button
error: Content is protected !!