നെ​ല്ലി​മ​റ്റ​ത്ത് റോഡരികിലെ മ​ര​ങ്ങ​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ൽ

കോതമംഗലം: നെല്ലിമറ്റത്ത് റോഡരികില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന ആവശ്യം ശക്തം. വില്ലേജ് ഓഫീസിന് സമീപം റോഡരികില്‍ നില്‍ക്കുന്ന പാലമരവും ആല്‍മരവുമാണ് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണി ഉയര്‍ത്തുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഓട നിര്‍മ്മാണം നടന്നുവരികയാണ്. ഓട നിര്‍മ്മാണത്തിനായി പാലമരത്തിന്റെ വേരുകള്‍ മുറിച്ചുമാറ്റി. അതിനാല്‍ ഏതുസമയത്തും നിലംപതിക്കാവുന്ന അവസ്ഥയിലാണ് മരം. റോഡ് വികസനത്തിനായി മരങ്ങള്‍ മുറിച്ചുമാറ്റിയത് സംബന്ധിച്ച് തുടക്കം മുതല്‍ ആക്ഷേപം ഉയര്‍ന്നതാണ്. റോഡ് വികസനത്തിന് തടസങ്ങളില്ലാത്ത മരങ്ങള്‍ മുറിച്ചെടുത്ത് വെട്ടിപ്പ് നടത്തുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ നിര്‍ബന്ധമായി മുറിച്ചുമാറ്റേണ്ട മരങ്ങള്‍ നെല്ലിമറ്റത്ത് നിലനിര്‍ത്തിയിരിക്കുകയാണ്. ഈ മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും അവഗണിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു പറഞ്ഞു. വലിയ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ അടിയന്തരമായി മുറിച്ചു മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Back to top button
error: Content is protected !!