റിവര്‍ ടൂറിസം പദ്ധതി: മൂവാറ്റുപുഴ നഗരസഭക്ക് 5 കോടിയുടെ അനുമതി: തൂക്ക് പാലവും പുഴയോര നടപ്പാതയും നിര്‍മ്മിക്കും

മൂവാറ്റുപുഴ: കേന്ദ്ര സര്‍ക്കാരിന്റെ അമൃതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂവാറ്റുപുഴ നഗരസഭക്ക് പുഴയോര വിനോദ സഞ്ചാര വികസനത്തിന് അഞ്ച് കോടി രൂപ അനുവദിച്ചു. ഈ തുക ഉപയോഗിച്ച് നഗരസഭ ഡ്രീംലാന്റ് പാര്‍ക്കില്‍ നിന്ന് തൊടുപുഴ ആറിന് കുറുകെ പേട്ടയിലേക്ക് തൂക്കു പാലവും, പേട്ട മുതല്‍ കച്ചേരിത്താഴം വരെ പുഴയോര നടപ്പാതയും നിര്‍മ്മിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസ് അറിയിച്ചു. ഒരാഴ്ചക്കകം മണ്ണ് പരിശോധന പൂര്‍ത്തിയാക്കി ഡി.പി.ആര്‍ തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. അംഗീകാരം ലഭിക്കുന്ന മുറക്ക് നിര്‍മ്മാണം ആരംഭിക്കും. നഗരസഭ പാര്‍ക്ക് – പുഴയോരം വിനോദ സഞ്ചാര പദ്ധതിയുടെ ആദ്യ ഘട്ടമായാണ് തൂക്ക് പാലവും പുഴയോര നടപ്പാതയും നിര്‍മ്മിക്കുന്നതെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടേയും, ടൂറിസം വികസന വകുപ്പിന്റെയും സഹായത്തോടെ വിപുലമായ വിനോദ സഞ്ചാര വികസനത്തിനാണ് നഗരസഭ ലക്ഷ്യമിടുന്നത്. മൂന്നു പുഴകളുടെ സംഗമ കേന്ദ്രം എന്ന നിലയില്‍ റിവര്‍ ടൂറിസത്തിന് അനന്ത സാധ്യതകളാണുള്ളത്. നഗരസഭ ഉടമസ്ഥതയിലുള്ള മൂവാറ്റുപുഴ ഡ്രീംലാന്‍ഡ് പാര്‍ക്കും, പുഴയും, നെഹ്‌റു ചില്‍ഡ്രന്‍സ് പാര്‍ക്കും ബന്ധിപ്പിച്ചാകും പദ്ധതി നടപ്പാക്കുക.

ഹൈറേഞ്ചിന്റെ പ്രവേശന കവാടമായ മൂവാറ്റുപുഴ ഇതോടെ വിനോദസഞ്ചാരികളുടെ ഇടത്താവളമായി മാറും. നഗര ഹൃദയഭാഗത്താണ് ഡ്രീംലാന്‍ഡ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. നാലര ഏക്കര്‍ വിസ്തൃതി വരുന്ന പാര്‍ക്കിന്റെ ഭൂരിഭാഗം പ്രദേശവും പ്രകൃതിദത്തമാണ്. പാറക്കെട്ടുകളും, ഇല്ലിക്കാടുകളും, കുന്നുകളും മറ്റും അതുപോലെ നിലനിര്‍ത്തിയാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. പാര്‍ക്ക് നവീകരിച്ച് പുതിയ പദ്ധതികള്‍ ആരംഭിക്കുകയാണ് ലക്ഷ്യം. നിലവിലുള്ള ഡ്രീംലാന്‍ഡ് പാര്‍ക്കിനെ രണ്ടായി തിരിച്ച് ഒരു ഭാഗത്ത് വിനോദ സഞ്ചാരികള്‍ക്ക് താമസിക്കുന്നതിനും വിശ്രമിക്കുന്നതിനുമുള്ള പാര്‍പ്പിടസമുച്ചയങ്ങളും, മറുഭാഗത്ത് പുഴയോട് ചേര്‍ന്ന് കുട്ടികളെയും മുതിര്‍ന്നവരെയും ആകര്‍ഷിക്കുന്ന തരത്തിലുള്ള പുതിയ റൈ്ഡുകള്‍, ബോട്ടിംഗ്, കയാക്കിംഗ്, തൂക്കുപാലം, ഗ്ലാസ് പാലം, സീപ്ലെയിന്‍ എന്നിവയും ലക്ഷ്യമിടുന്നു.
ഇവിടെനിന്ന് നിലവിലുള്ള പുഴയോര നടപ്പാത നെഹ്‌റു ചില്‍ഡ്രന്‍സ് പാര്‍ക്ക് വരെ ദീര്‍ഘിപ്പിക്കുന്നതാണ് മറ്റൊന്ന്. ഡ്രീം ലാന്‍ഡ് പാര്‍ക്കില്‍ നിന്ന് പുഴയിലേക്ക് ഇറങ്ങുന്നതിന് ജെട്ടിയും, ഇരു കരകളെയും ബന്ധിച്ച് തൂക്കുപാലവും നിര്‍മ്മിക്കും.

മൂവാറ്റുപുഴ പാര്‍ക്കിനെ സ്വാഭാവിക പാര്‍ക്ക് എന്ന രീതിയില്‍ നിലനിര്‍ത്തുന്നതാണ് രണ്ടാം ഭാഗത്തെ പദ്ധതികള്‍. നിലവില്‍ ഇവിടെ സ്ഥാപിച്ചിരിക്കുന്ന കുട്ടികളുടെ വിനോദ ഉപകരണങ്ങള്‍ക്ക് പുറമേ 60 മീറ്റര്‍ നീളം വരുന്ന ഗ്ലാസ് പാലം നിര്‍മ്മിക്കുന്നതിന് ലക്ഷ്യമിടുന്നു. മറ്റൊന്ന് തുടക്ക ഭാഗത്ത് നിന്ന് ആരംഭിച്ച പുഴയോട് ചേര്‍ന്നുള്ള ഭാഗത്ത് അവസാനിക്കുകയും അവിടെനിന്ന് പുഴയുടെ മധ്യഭാഗത്ത് എത്തിച്ചേരുകയും ചെയ്യുന്ന തരത്തില്‍ സീപ്ലെയിന്‍ നിര്‍മ്മിക്കും. ഇതിനു പുറമേ പുഴയുടെ തീരത്ത് വ്യത്യസ്തമായ ഉയരത്തില്‍ രണ്ട് ബോട്ടുജെട്ടികള്‍ നിര്‍മ്മിച്ച് ഒരു ഭാഗം കയാക്കിംഗ്, റിവര്‍ റാഫിറ്റിംഗ്, മെഷീന്‍ ബോട്ട് എന്നിവയുടെ സഹായത്തോടെ മൂവാറ്റുപുഴയെ വിനോദ സഞ്ചാര ഭൂപടത്തില്‍ സ്ഥാനം നല്‍കാന്‍ കഴിയുമെന്ന് ചെയര്‍മാന്‍ പി.പി. എല്‍ദോസ് പറഞ്ഞു.

Back to top button
error: Content is protected !!