എംഎൽഎയുടെ നിർദ്ദേശപ്രകാരം ദുരന്തനിവാരണ യോഗം, ഒടുവിൽ പങ്കെടുക്കരുതെന്ന് എം.എൽ.എയോട് ആർ.ഡി.ഒ

മൂവാറ്റുപുഴ : വെള്ളപ്പൊക്ക ദുരിതാശ്വാസ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കരുതെന്ന് മൂവാറ്റുപുഴ എംഎല്‍എയോട് ആര്‍ഡിഒ. തനിക്ക് മുകളില്‍ നിന്നു ലഭിച്ച നിര്‍ദേശത്ത തുടര്‍ന്നാണ് എംഎല്‍എയോട് വിട്ടു നില്‍ക്കാന്‍ അഭ്യര്‍ഥിച്ചതെന്നും അദ്ദേഹം പറഞ്ഞു. യോഗം മാറ്റിവയ്ക്കരുതെന്നും താന്‍ മാറി നില്‍ക്കാമെന്നും എംഎല്‍എ മറുപടി നല്‍കി. തുടര്‍ന്ന് എംഎല്‍എയുടെ അഭാവത്തിലാണ് മൂവാറ്റുപുഴ മണ്ഡലത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച യോഗം നടന്നത്. എംഎല്‍എയുടെ നിര്‍ദേശപ്രകാരമാണ് മൂവാറ്റുപുഴ ആര്‍ഡിഒ ഷാജു ജേക്കബ്, ഫയര്‍ ആന്റ് റെസ്‌ക്യൂ, പോലീസ്, മേജര്‍ ഇറിഗേഷന്‍, കെഎസ്ഇബി മൂലമറ്റം, എംവിഐപി, തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തത്. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കരുതെന്ന് ഇന്നലെ രാവിലെ എംഎല്‍എയെ ആര്‍ഡിഒ ഫോണില്‍ വിളിച്ച് അഭ്യര്‍ഥിക്കുകയായിരുന്നു. ഈ കാര്യത്തില്‍ തനിക്ക് മുകളില്‍ നിന്നും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് ആര്‍ഡിഒ എംഎല്‍എയെ അറിയിച്ചത്. എന്നാല്‍ യോഗം മാറ്റിവയ്ക്കാന്‍ കഴിയില്ലെന്നും യോഗത്തില്‍ നിന്നും താന്‍ മാറി നില്‍ക്കാം എന്ന സന്നദ്ധതയും അറിയിച്ച് എംഎല്‍എ ആര്‍ഡിഒയ്ക്ക് കത്ത് നല്‍കി. യോഗത്തില്‍ എടുക്കേണ്ട തീരുമാനങ്ങളും എംഎല്‍എയുടെ നിര്‍ദേശങ്ങളും കൂടെ ചേര്‍ത്താണ് ആര്‍ഡിഒയ്ക്കു കത്ത് നല്‍കിയത്. കനത്ത മഴ മൂലം ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു കഴിഞ്ഞാല്‍ മലങ്കര ഡാമിന്റെ സ്പില്‍വേയിലെ ആറു ഷട്ടറുകളും തുറക്കേണ്ടതുണ്ട്. 42 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. തുറന്ന് വിടുന്ന ജലത്തിന്റെ അളവ് ഒരു മീറ്റര്‍ ആക്കി ഉയര്‍ത്തുന്നത് പുഴയില്‍ ജലനിരപ്പ് ഉയരുന്നതിന് കാരണമാകും. ആറു ഷട്ടറുകളും തുറക്കുന്നത്തോടെ മൂവാറ്റുപുഴ നഗരത്തില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. ഇത് മുന്‍കൂട്ടി കണ്ട് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനാണ് യോഗം വിളിച്ചു ചേര്‍ക്കാന്‍ എംഎല്‍എ ആര്‍ഡിഒയ്ക്ക് നിര്‍ദേശം നല്‍കിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് യോഗത്തില്‍ പങ്കെടുക്കരുതെന്ന് ആര്‍ഡിഒ അഭ്യര്‍ഥിച്ചത്. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. 39.6 എന്ന നിലയില്‍ വൈദ്യുതി ഉല്‍പാദനത്തിനായി നിലനിര്‍ത്തിയിരുന്ന ഡാമിന്റെ ജലനിരപ്പ് മണ്‍സൂണ്‍ പ്രളയ കാലയളവില്‍ 36.9 ആയി നിജപ്പെടുത്തിയത് എംഎല്‍എ മുന്‍ കാലയളവില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ്. അതിനാല്‍ തന്നെ മലങ്കര ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ നല്‍കാനും മുന്‍കരുതല്‍ സ്വീകരിക്കാനും അന്ന് സാധിച്ചിരുന്നു. ഡാം നിരന്തരം സന്ദര്‍ശിച്ച എംഎല്‍എയുടെ നിര്‍ദേശപ്രകാരം ജലനിരപ്പ് ക്യത്യമായ അളവില്‍ നിലനിര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ക്കായി. അതിനാല്‍ തന്നെ മൂവാറ്റുപുഴ പട്ടണത്തെ വെള്ളപ്പൊക്ക കെടുതി ബാധിച്ചിരുന്നില്ല.ഇതിന്റെ തുടര്‍ച്ചയായാണ് മുന്നൊരുക്കങ്ങള്‍ക്കായി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാന്‍ എംഎല്‍എ നിര്‍ദേശം നല്‍കിയത്. പെരുമാറ്റ ചട്ടത്തിന്റെ പേരില്‍ ദുരന്ത നിവാരണ യോഗങ്ങളില്‍ നിന്നും ജനപ്രതിനിതികളെ ഒഴിവാക്കുന്നത് ശരിയായ നടപടി അല്ലെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ്‍ പ്രതികരിച്ചു.

ദൗര്‍ഭാഗ്യകരമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ

മൂവാറ്റുപുഴ: മണ്‍സൂണ്‍, പ്രളയ സാധ്യത മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് നടത്താനിരുന്ന ഔദ്യോഗിക തലയോഗത്തില്‍ തികച്ചും സാങ്കേതികമായ കാരണങ്ങളാല്‍ സ്ഥലം എംഎല്‍എ എന്ന നിലയില്‍ തനിക്ക് പങ്കെടുക്കാന്‍ കഴിയാത്തത് ദൗര്‍ഭാഗ്യകരമായി പോയെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ആര്‍ഡിഒയ്ക്കു നല്‍കിയ കത്തില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ആര്‍ഡിഒയുടെ നിസഹായാവസ്ഥ മനസിലാകും.

യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ എംഎല്‍എ എഴുതി നല്‍കിയ നിര്‍ദേശങ്ങള്‍ ഇങ്ങനെ: മൂവാറ്റുപുഴയിലും പരിസരപ്രദേശങ്ങളിലും പ്രളയ സമാന സാഹചര്യങ്ങള്‍ ഉണ്ടാകുന്നതിനുള്ള മുഖ്യകാരണം മലങ്കര ഡാമില്‍ നിന്നും പുറന്തള്ളപ്പെടുന്ന വെള്ളമാണ്. വൈദ്യുതി വകുപ്പ് മന്ത്രിയുമായും കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരുമായും ഞാന്‍ മുന്‍പ് നടത്തിയിട്ടുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ മണ്‍സൂണ്‍, കാലവര്‍ഷ സമയങ്ങളില്‍ മലങ്കര ഡാമിന്റെ ജലപരിധി 36.9 ആയി തുടര്‍ച്ചയായി നിലനിര്‍ത്താം എന്ന് തീരുമാനമായിട്ടുള്ളത് കൃത്യമായി നടപ്പിലാക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇക്കാര്യത്തില്‍ കെഎസ്ഇബിയുടെ ഭാഗത്തുനിന്നും പ്രത്യക്ഷത്തില്‍ കണ്ടുവരുന്ന കച്ചവട താല്‍പര്യത്തോടെയുള്ള ഡാം മാനേജ്മെന്റ് പരമാവധി നിരുത്സാഹപ്പെടുത്തേണ്ടതാണ്. പ്രളയ /പ്രളയ സമാന സാഹചര്യങ്ങളില്‍ ആവശ്യം വേണ്ടിവരുന്ന അടിയന്തിരമായ ഒഴിപ്പിക്കലുകളും താല്‍ക്കാലിക പുനരധിവാസവുമെല്ലാം കൃത്യമായ മുന്നൊരുക്കത്തോടെ നടത്തുന്നതിന് നടപടി വേണ്ടതാണ്. ഇക്കാര്യത്തില്‍ സന്നദ്ധ പ്രവര്‍ത്തകരെയും സിവില്‍ ഡിഫന്‍സ് സേനയെയും കൃത്യമായ വിവരങ്ങള്‍ യഥാസമയം നല്‍കി കാര്യക്ഷമമായി ഏകോപിപ്പിച്ച് വിനിയോഗിക്കണം.

Back to top button
error: Content is protected !!