കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് പിടിയിലായ പൊതുമരാമത്ത് ജൂനിയര്‍ സൂപ്രണ്ടിനെ റിമാന്‍ഡ് ചെയ്തു

മൂവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടയില്‍ പൊതുമരാമത്ത് ജൂനിയര്‍ സൂപ്രണ്ട് വിജിലന്‍സ് പിടികൂടിയ എറണാകുളം പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടിനെ റിമാന്‍ഡ് ചെയ്തു. ജൂനിയര്‍ സൂപ്രണ്ടായ രതീഷ് എം.എസിനെയാണ് മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി എന്‍.വി രാജു 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. എറണാകുളം പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ടെണ്ടര്‍ ചെയ്ത ഇടപ്പള്ളി മാര്‍ക്കറ്റ് നവീകരണവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ഏറ്റെടുത്ത കാരാറുകാരനിന്‍ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലന്‍സ് സംഘം പ്രതിയെ പിടികൂടിയത്. മാര്‍ക്കറ്റ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ശേഷം 21,85,455 രൂപയുടെ ബില്ല് മാറാന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് കരാറുകാരന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ബില്ല് മാറി കിട്ടാത്തതിനെ തുടര്‍ന്ന് പൊതുമരാമത്ത് ഓഫീസിലെത്തിയ കരാറുകാരനോട് രതീഷ് 5000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കരാറുകാരന്‍ വിജിലന്‍സ് മധ്യമേഖല പോലീസ് സൂപ്രണ്ട് ജി ഹിമേന്ദ്രനാഥ് ഐപിഎസിനെ വിവരം അറിയിക്കുകയും, വിജിലന്‍സ് എറണാകുളം യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സി.ജെ മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരം കരാറുകാരന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലെത്തി പണം കൈമാറുകയും, വിജിലന്‍സ് സംഘം രതീഷിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എറണാകുളം വിജിലന്‍സ് യൂണിറ്റ് ഉദ്യോഗസ്ഥരാണ് പ്രതിയെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയത്.

Back to top button
error: Content is protected !!