‘പിടിയും കോഴിക്കറിയും’: അത്രയും ആവേശം വേണ്ടെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് ഫ്രാൻസിസ് ജോര്‍ജ്ജ്

കോട്ടയം: തന്റെ വിജയം ആഘോഷിക്കാന്‍ പിറവത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടിയും കോഴിക്കറിയും തയ്യാറാക്കിയതിനെ വിമര്‍ശിച്ച് കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ്ജ്. പ്രവര്‍ത്തകര്‍ മിതത്വം പാലിക്കണം. പിടിയും കോഴിക്കറിയും പാഴാകുമെന്ന് തോന്നുന്നില്ല. എന്നാല്‍ അത്രയും ആവേശം വേണ്ട, താന്‍ ആരോടും പിടിയും കോഴിക്കറിയും തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് പറഞ്ഞു.
കോട്ടയത്ത് വോട്ടെണ്ണല്‍ കേന്ദ്രത്തിനടുത്ത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ എത്തിയ അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് തന്റെ ഒന്‍പതാമത്തെ തെരഞ്ഞെടുപ്പാണെന്നും ആറ് വട്ടം പാര്‍ലമെന്റിലേക്ക് മാത്രം മത്സരിച്ചുവെന്നും പറഞ്ഞ അദ്ദേഹം തനിക്ക് ടെന്‍ഷനില്ലെന്നും ടെന്‍ഷന്‍ അടിച്ചിട്ട് കാര്യമില്ലെന്നും ഉപദേശിച്ചു. ജയപരാജയ സമ്മിശ്രമാണ് തെരഞ്ഞെടുപ്പ്, ടെന്‍ഷനടിച്ചിട്ട് കാര്യമില്ല. ഒരു ദുഃഖവും ഉണ്ടാകില്ല. ജനം അകമഴിഞ്ഞ് യുഡിഎഫിനെ പിന്തുണക്കുന്നുണ്ട്. ജനത്തിന് ആഗ്രഹിക്കുന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിന് കുറിച്ച് മാത്രമാണ് ആശങ്കയെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയം മാറിക്കൊണ്ടിരിക്കും. കേരളാ കോണ്‍ഗ്രസ് എം മുന്നണിയെ യുഡിഎഫില്‍ എടുക്കുമോയെന്നതില്‍ പാര്‍ട്ടി നേതൃത്വം നിലപാട് പറയും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് വന്‍ മുന്നേറ്റമുണ്ടാക്കും. ഇന്ത്യ മുന്നണി അധികാരത്തില്‍ വരും. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ 100 ശതമാനം ശരിയല്ല. ഇന്ത്യ മുന്നണിയുടെ കേരളത്തിലെ പ്രതിരൂപം യുഡിഎഫാണ്. രാഹുല്‍ ഗാന്ധി വന്നതിന്റെ ഗുണം യുഡിഎഫിനാണ് ഉണ്ടാവുകയെന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് വ്യക്തമാക്കി.

 

Back to top button
error: Content is protected !!