ഉച്ചയ്ക്ക് ടാർ ചെയ്തു, വൈകിട്ട് പൊളിച്ചു: ഗതികേടിൻ്റെ പര്യായമായി ചൂണ്ടി – രാമമംഗലം റോഡ്

കോലഞ്ചേരി: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ടാര്‍ ചെയ്ത മീമ്പാറ പമ്പിന് മുന്നിലെ റോഡ് മണിക്കൂറുകള്‍ക്കകം കുത്തിപ്പൊളിച്ചു. കുടിവെള്ള പൈപ്പ് തകര്‍ന്നതോടെയാണ് റോഡ് കുത്തിപ്പൊളിക്കേണ്ടിവന്നത്. വര്‍ഷങ്ങളായി തകര്‍ന്ന് കിടന്ന റോഡ് ഇന്നലെ ഉച്ചയോടെ ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കുകയും, വൈകിട്ട് 6.15 ഓടെ പൈപ്പ് തകര്‍ന്ന് വീണ്ടും പൊളിക്കുകയായിരുന്നു. രാമമംഗലത്ത് നിന്ന് സമീപ പഞ്ചായത്തുകളിലേക്ക് വെള്ളം എത്തിക്കുന്ന 300 എംഎമ്മിന്റെ കാസ്റ്റ് അയണ്‍ പൈപ്പ് തകര്‍ന്നാണ് വെള്ളം പുറത്തേക്ക് വന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള പൈപ്പുകളില്‍ ഒന്നാണ് പൊട്ടിയതെന്ന് വാട്ടര്‍ അതോറിറ്റി എന്‍ജിനീയര്‍ പറഞ്ഞു. ഒന്നര വര്‍ഷത്തിലേറെയായി കരിങ്കല്‍ പൊടി ശ്വസിച്ച് ദുരിതമനുഭവിച്ചുവരികയായിരുന്നു ചൂണ്ടി, രാമമംഗലം പ്രദേശവാസികളും യാത്രക്കാരും. റോഡ് ടാര്‍ചെയ്‌തെന്ന് ആശ്വസിച്ചിരിക്കേയാണ് പൈപ്പ് തകര്‍ന്നതും റോഡ് കുത്തിപ്പൊളിച്ചതും. കടുത്ത വേനലില്‍ കുടിവെള്ള ക്ഷാമം നേരിടുന്ന സംസ്ഥാനത്തെ പല പ്രദേശങ്ങളിലും പൈപ്പ് തകരുന്നത് നിത്യസംഭവമായിട്ടുണ്ട്. കുടിവെള്ള പൈപ്പില്‍ മര്‍ദം അധികമായി കടത്തിവിടുകയും അതിനു കീഴിലുള്ള വാല്‍വ്, ഓപ്പറേറ്റര്‍മാര്‍ അടച്ചുവയ്ക്കുകയും ചെയ്യുന്നു. ഇതോടെ പൈപ്പ് തകരുന്നതായി വിജിലന്‍സ് വിഭാഗം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കുടിവെള്ള പൈപ്പ് തകര്‍ന്നാല്‍ അടിയന്തരമായി അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ പ്രദേശത്തെ എന്‍ജിനീയര്‍ക്ക് അധികാരമുണ്ട്. നാട്ടുകാരുടെ സമ്മര്‍ദവും ജനപ്രതിനിധികളുടെ ഇടപെടലും കൂടിയാകുമ്പോള്‍ ഉടന്‍തന്നെ കുടിവെള്ള വിതരണത്തിന് നിര്‍ദേശമുണ്ടാകും. സാധാരണ കരാറിന്റെ നാലിരട്ടി തുകയ്ക്കുവരെ അടിയന്തര അറ്റകുറ്റപ്പണിക്കായി വിനിയോഗിക്കാനാകും. ഇതാണ് പൈപ്പ് തകരുന്നതിന് ഇടയാക്കുന്നതെന്നാണ് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട്.

 

Back to top button
error: Content is protected !!