ഭവനനിര്‍മ്മാണത്തിനും – മൃഗസംരക്ഷണത്തിനും – കാര്‍ഷിക മേഖലയ്ക്കും ഊന്നല്‍ നല്‍കി പായിപ്ര പഞ്ചായത്ത് ബജറ്റ്

മൂവാറ്റുപുഴ: ഭവന നിര്‍മ്മാണത്തിനും – മൃഗസംരക്ഷണത്തിനും – കാര്‍ഷിക മേഖലയ്ക്കും ഊന്നല്‍ നല്‍കി പായിപ്ര പഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. 29,68,42,877രൂപ വരവും 28,76,96,314 രൂപ ചെലവും 91,46,563 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷോബി അനില്‍ അവതരിപ്പിച്ചത്. പ്രസിഡന്റ് പി.എം അസീസ് അധ്യക്ഷത വഹിച്ചു. കാര്‍ഷിക മേഖലയുടെ സമഗ്ര അഭിവൃദ്ധിക്കായി നെല്‍കൃഷി വികസനം, പച്ചക്കറി കൃഷി വികസനം, പായിപ്ര കവല വികസനം, പോയാലി ടൂറിസം പദ്ധതി, പള്ളിച്ചിറ ടൂറിസം പദ്ധതി, മുളവൂരില്‍ കളിസ്ഥലം, സ്‌കൂള്‍ ഗ്രൗണ്ട് നവീകരണം, ഹെല്‍ത്ത് സെന്ററില്‍ ഡോക്ടറുടെ സേവനം, പായിപ്ര കവലയില്‍ ബസ്് കാത്തിരിപ്പ് കേന്ദ്രം, കംഫര്‍ട്ട് സ്റ്റേഷന്‍ എന്നീ പദ്ധതികള്‍ക്ക് ബജറ്റില്‍ തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്. നെല്‍കൃഷി വികസനത്തിന് അഞ്ച് ലക്ഷം, പച്ചക്കറി വികസനത്തില്‍ 12 ലക്ഷം, മൃഗസംരക്ഷണത്തിന് 25 ലക്ഷം, ക്ഷീരവികസനത്തിന് 10 ലക്ഷം, മൃഗങ്ങളുടെ രോഗനിയന്ത്രണത്തിന് അഞ്ച് ലക്ഷം, കാര്‍ഷിക മൃഗസംരക്ഷണ മേഖലയുടെ സമഗ്ര വികസനത്തിനും സ്വയം പര്യാപ്തതയ്ക്കുമായി ഒരുകോടി, ആരോഗ്യമേഖലയില്‍ ആശുപത്രികള്‍ക്ക് മരുന്ന് വാങ്ങല്‍, ഹാപ്പി ക്ലിനിക്ക്, പകര്‍ച്ച ഇതര വ്യാധികളുടെ പ്രതിരോധം എന്നിവയ്ക്കായി 30 ലക്ഷം, ശുചിത്വം ഒരു കോടി 75 ലക്ഷം, ലൈഫ് ഭവന പദ്ധതിക്കും വാസയോഗ്യമല്ലാത്ത വീട് വാസയോഗ്യമാക്കലിനുമായി രണ്ട് കോടി രൂപയും ബജറ്റില്‍ വകയിരുത്തയിട്ടുണ്ട്.

ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനവും പഞ്ചായത്തില്‍ കൂടുതല്‍ കാര്യക്ഷമവും ജനകീയവുമാക്കും. ബയോഗ്യാസ് പ്ലാന്റിന് 15 ലക്ഷം, യുവജനക്ഷേമത്തിന് ഒരു ലക്ഷം, വായനശാലകളിലും സ്‌കൂളുകളിലും പത്രം ഇടുന്നതിന് 2 ലക്ഷം, തെരുവ് വിളക്കുകളുടെ പരിപാലനത്തിനായി 5 ലക്ഷം, റോഡ് സംരക്ഷണത്തിനും വികസനത്തിനും ഒരു കോടി 20 ലക്ഷം, കുടിവെള്ള വിതരണത്തിന് ഒരു ലക്ഷം, ആശ്രയ പദ്ധതിക്ക് 5 ലക്ഷം, എസ്എസ്എ പദ്ധതി വിഹിതമായ പന്ത്രണ്ടര ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷാഫി, എം.സി വിനയന്‍, ഷാജിദ മുഹമ്മദാലി, മെമ്പര്‍മാരായ ഇ.എം ഷാജി, സക്കീര്‍ ഹുസൈന്‍, ജയശ്രീ ശ്രീധരന്‍, റജീന ഷിഹാജ്, ബെസി എല്‍ദോ, ജലാലുദീന്‍, ദീപ റോയി, നെജിഷാനവാസ്, എം.എ നൗഷാദ്, എ.റ്റി സുരേന്ദ്രന്‍, വിജി പ്രഭാകരന്‍, വി.ഇ നാസര്‍, എല്‍ജി റോയി, സുകന്യ അനീഷ് എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!