നെ​ൽ​ക​ർ​ഷ​ക​രുടെ കു​ടി​ശി​ക തു​ക ഉ​ട​ൻ അ​നു​വ​ദി​ക്ക​ണം: ഷി​ബു തെ​ക്കും​പു​റം

കോതമംഗലം: എറണാകുളം ജില്ലയിലെ നെല്‍കര്‍ഷകര്‍ക്ക് സംഭരണത്തിന്റെയും സബ്‌സിഡിയുടെയും കുടിശിക തുക ഉടന്‍ അനുവദിക്കണമെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം. കീരംപാറ പഞ്ചായത്തിലെ കാഞ്ഞിരകുന്ന് തടിക്കണ്ടം പാടശേഖരത്തില്‍ എം.സി. അയ്യപ്പന്‍ കണ്‍വീനറായുളള കര്‍ഷക കൂട്ടായ്മ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെല്ല്, തേങ്ങ എന്നിവയുടെ സംരക്ഷണം കൃഷി ഭവനുകളെ എല്‍പ്പിക്കണമെന്നും അയല്‍ സംസ്ഥാനങ്ങളിലെ മില്ലുകളെ നെല്ല് കുത്തി അരിയാക്കാന്‍ ഏല്‍പ്പിക്കണമെന്നും ഇതുവഴി കര്‍ഷകര്‍ക്ക് യഥാസമയം നെല്ലിന്റെ വില ലഭിക്കുന്നതിന് സഹായകമാകുമെന്നും ഷിബു തെക്കുംപുറം പറഞ്ഞു. വന്യമൃഗ ശല്യം മൂലവും, പ്രകൃതിക്ഷോഭം മുലവും ഉണ്ടായിട്ടുള്ള കൃഷിയുടെ നഷ്ടങ്ങളുടെ രണ്ട് വര്‍ഷത്തെ കുടിശികയാണ് ജില്ലയില്‍ ലഭിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. കണ്‍വീനര്‍ എം.സി. അയ്യപ്പന്‍ അധ്യക്ഷത വഹിച്ച വയലോര കര്‍ഷക കുട്ടായ്മയില്‍ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.സി. ജോര്‍ജ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജു ഏബ്രഹാം, കുട്ടായ്മ ഭാരവാഹികളായ രവി തേവന്‍, ബാബു കുഞ്ഞപ്പന്‍, കുഞ്ഞിപ്പെണ്ണ് തങ്കപ്പന്‍, ലത സജീവ്, അജീഷ് അയ്യപ്പന്‍, ഗോപി മുട്ടത്ത്, റീന ജോഷി, എം.വി. എല്‍ദോസ്, ജോണ്‍ നാടുകാണി, ജോയി കോച്ചേരി എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!