നാ​മി​ന്‍റെ പ​ഠ​ന വൈ​ക​ല്യ നി​ർ​ണ​യ ക്യാമ്പ് 30 മു​ത​ൽ

മൂവാറ്റുപുഴ: നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ നാമിന്റെ (നിര്‍മല അലുംനി അസോസിയേഷന്‍ മൂവാറ്റുപുഴ) ആഭിമുഖ്യത്തില്‍ പഠന വൈകല്യ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കും. നിര്‍മല സ്‌കൂളില്‍ 30 മുതല്‍ മെയ് മൂന്നു വരെയാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. സംഘടനയുടെ അംഗങ്ങളായ വിവിധ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍, സൈക്കോളജിസ്റ്റുകള്‍, സ്‌പെഷല്‍ എജ്യൂക്കേറ്റേഴ്‌സ്, തെറാപ്പിസ്റ്റുകള്‍ എന്നിവര്‍ നേതൃത്വം നല്‍കും. ക്യാമ്പിലേക്കുള്ള രജിസ്‌ട്രേഷന്‍ തുടരുന്നതായി പ്രസിഡന്റ് ഒ.വി. അനീഷ് പത്ര സമ്മേളനത്തില്‍ അറിയിച്ചു. കുട്ടികള്‍ക്ക് പാഠ്യഭാഗങ്ങള്‍ ശരിയായി വായിക്കാനും അപഗ്രഥിക്കാനും സാധിക്കാതെ വരിക, എഴുതുമ്പോള്‍ അക്ഷരങ്ങള്‍ തിരിഞ്ഞു പോകുക, ഗണിതത്തിലെ ആശയങ്ങള്‍ മനസിലാക്കാനുള്ള ബുദ്ധിമുട്ട് ഇവയാണ് പഠന വൈകല്യത്തിന്റെ സൂചനകള്‍. കുട്ടികളുടെ പ്രശ്‌നങ്ങള്‍ വ്യക്തമായി പഠിച്ച് മുന്‍പോട്ടുള്ള പഠന പരിശീലന പദ്ധതികള്‍ രൂപീകരിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ക്യാമ്പിലൂടെ നല്‍കും. വിവിധ ആശുപത്രികളില്‍ ദിവസമെടുത്ത് ചെയ്യേണ്ട സ്‌പെഷ്യാലിറ്റി കണ്‍സള്‍ട്ടേഷനുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് ക്യാമ്പിന്റെ ലക്ഷ്യം. ഈ മേഖലയിലെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നാമിന്റെ ആഭിമുഖ്യത്തില്‍ ഏര്‍ലി ഇന്റര്‍വന്‍ഷന്‍ സെന്ററിന് തുടക്കം കുറിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ഡോ. ആന്റണി പുത്തന്‍കുളം, പ്രോഗ്രാം കോഡിനേറ്റര്‍ ഡോ. സാറ നന്ദന മാത്യു, ഡോ. സി.സി. നീലിമ എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു. ഫോണ്‍ : 9447031700.

Back to top button
error: Content is protected !!