ദിവസങ്ങളായി കുടിവെള്ളം കിട്ടാനില്ല: പായിപ്രയില്‍ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി എഞ്ചിനീയറെ ഉപരോധിച്ചു

പായിപ്ര: പഞ്ചായത്തിലെ 22-ാം വാര്‍ഡില്‍ കുടിവെള്ളം കിട്ടാതായിട്ട് ദിവസങ്ങള്‍ പിന്നിട്ടതോടെ ജനങ്ങള്‍ മൂവാറ്റുപുഴ വാട്ടര്‍ അതോറിറ്റി എക്‌സിക്യൂവ് എഞ്ചിനീയറെ ഉപരോധിച്ചു. വാര്‍ഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ എം.സി വിനയന്റെ നേതൃത്വത്തിലാണ് ഉപരോധം സംഘടിപ്പിച്ചത്. ലക്ഷംവീട്, കിണറുംപടി, സൊസൈറ്റിപ്പടി പ്രദേശങ്ങളിലാണ് ദിവസങ്ങളായി കുടിവെള്ളം ലഭ്യമല്ലാത്തത്. സാധാരണക്കാരായ ജനങ്ങള്‍ താമസിക്കുന്ന ലക്ഷംവീട് അടക്കം ഉള്‍പെടുന്ന പ്രദേശത്ത് കുടിവെള്ളം എത്തിയിട്ട് ദിവസങ്ങള്‍ ആയെന്നും പലതവണ താനും ജനങ്ങളും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോള്‍ ഇപ്പോള്‍ തന്നെ പരിപാരം ഉണ്ടാക്കാമെന്ന് പറയുന്നതല്ലാതെ തീരുമാനമായിരുന്നില്ലെന്നും, വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈനുകള്‍ പൊട്ടിയാല്‍ കരാറുകാര്‍ക്ക് പണം നല്‍കാത്തതിനാല്‍ നന്നക്കാന്‍ പോലും ആളുകള്‍ ഇല്ലാത്ത അവസ്ഥയാണെന്നും എം.സി വിനയന്‍ പറഞ്ഞു. വെളളം കിട്ടാതെ ഉപരോധം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ വാര്‍ഡ് മെമ്പറും ജനങ്ങളും ഉറച്ച് നിന്നതോടെ ഉടന്‍ തന്നെ വെളളം എത്തിക്കാമെന്നും, പായിപ്ര മേഖലയിലേക്ക് പമ്പിംഗ് ആരംഭിക്കാമെന്നും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. ഇതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. ഇനിയും വെള്ളം കിട്ടാതെ വന്നാല്‍ വലിയ രീതിയില്‍ ജങ്ങങ്ങളെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭം വാട്ടര്‍ അതോറിറ്റിക്ക് മുന്നില്‍ സംഘടിപ്പിക്കുമെന്ന് എം.സി വിനയനും ജനങ്ങളും അറിയിച്ചു.

 

 

Back to top button
error: Content is protected !!