നവീകരിച്ച വീടിന്റെ താക്കോല്‍ കൈമാറി മാതൃകയായി നിര്‍മ്മലയുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന

മൂവാറ്റുപുഴ: നിര്‍മ്മല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ നാമിന്റെ ആഭിമുഖ്യത്തില്‍ നവീകരിച്ച വീടിന്റെ താക്കോല്‍ ദാനം നടത്തി. വാളകം പഞ്ചായത്ത് പ്രസിഡന്റ് ബിനോ. കെ. ചെറിയാന്‍ താക്കോല്‍ കൈമാറി. ഒരുമയോടെ 200 എന്ന പദ്ധതിയില്‍ കടാതിയില്‍ മനോജിന്റെ വീടാണ് പുനര്‍ നിര്‍മ്മിച്ച് നല്‍കിയത്. പക്ഷാഘാതം വന്ന മനോജിന് ലൈഫ് പദ്ധതിയില്‍ ലഭിച്ച വീടിന് ജനലുകളോ വൈദ്യുതി കണക്ഷനോ ഇല്ലാത്ത അവസ്ഥയിലായിരുന്നു. പിതാവിന്റെ രോഗാവസ്ഥ മൂലം പഠനം പകുതി വഴിയില്‍ ഉപേക്ഷിക്കേണ്ട വന്ന കുട്ടികളും ഭാര്യയുമായിരുന്നു വീട്ടില്‍ ഉള്ളത്.

മനോജിന്റെ ദുരവസ്ഥ അറിഞ്ഞ നാം ഭാരവാഹികള്‍ പഞ്ചായത്ത് മെമ്പര്‍ കെ.പി എബ്രഹാം മുഖേന പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഏറ്റെടുക്കുകയും വാതിലുകളും ജനാലകളും സ്ഥാപിച്ച് പെയിന്റ് അടിച്ച് വീട് നവീകരിച്ച് നല്‍കുകയായിരുന്നു. വീട് പുനര്‍ നിര്‍മ്മിച്ച കൊടുത്തതിനോടൊപ്പം കുട്ടികളുടെ പഠനത്തിനുള്ള സാമ്പത്തിക സഹായത്തിന്റെ ഒരു ഭാഗം വഹിക്കാമെന്നും സംഘടനാ ഭാരവാഹികള്‍ ഉറപ്പുനല്‍കി. ഈ വര്‍ഷം സംഘടന പുനര്‍നിര്‍മ്മിച്ചു നല്‍കുന്ന രണ്ടാമത്തെ വീടാണ് മനോജിന്റെത്. ചടങ്ങില്‍ നാം പ്രസിഡന്റ് അഡ്വ. ഒ.വി അനീഷ്, പഞ്ചായത്ത് അംഗം കെ.പി.എബ്രഹാം, അലുമിനി അസോസിയേഷന്‍ ഡിബി അംഗങ്ങളായ സെന്‍ ചെറിയാന്‍ ,ഡോ. സാറ നന്ദന, പോള്‍ പി തോമസ്, ബബിത നെല്ലിക്കല്‍, പ്രദീപ് ആര്‍ അഖില്‍ ചന്ദ്രന്‍, സല്‍മാന്‍ അബ്ദുള്‍ സലീം, സോണി മാത്യു മാരിക്കാലയില്‍, മൃദുല്‍ ജോണ്‍, അരുണ്‍ ചന്ദ്രന്‍ മഹേഷ് മോഹന്‍, സുമീഷ്, പ്രജിത്ത് എന്നിവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!