മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം നടത്തി

മൂവാറ്റുപുഴ: തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം നടത്തി. മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെക്കുള്ള പോളിംഗ് സാമഗ്രികള്‍ നിര്‍മല ഹയര്‍സെക്കന്‍ഡറി സ്‌കൂളിനിന്നുമാണ് വിതരണം ചെയ്തത്. സ്‌കൂളില്‍ തയ്യാറാക്കിയിട്ടുളള സ്‌ട്രോംഗ് റൂമിലാണ് പോളിംഗ് മെഷ്യനും വിവിപാറ്റ് മെഷ്യനും സൂക്ഷിച്ചിരുന്നത്. മൂവാറ്റുപുഴ ആര്‍ടിഒ ഷൈജു പി ജേക്കബിന്റെ നേതൃത്വത്തില്‍ രാവിലെ 8മുതല്‍ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. കനത്ത സുരക്ഷയില്‍ സൂക്ഷിച്ചിരുന്ന മെഷീനുകളും ഫോമും ഉള്‍പ്പെടെ 50 ഓളം പോളിംഗ് സാമഗ്രികളാണ് ഓരോ ബൂത്തുകളിലേക്കും വിതരണം ചെയ്തത്. 153ബൂത്തുകളുള്ള മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലേക്ക് 183 മെഷീനുകളിലാണ് പോളിംഗിനായി എത്തിച്ചിരിക്കുന്നത്. ഇതില്‍ 30മെഷീനുകള്‍ റിസര്‍വ് മെഷീനുകളാണ്. ഒരു പോളിംഗ് ബൂത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍, പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ 5പേരെയാണ് ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിരിക്കുന്നത്. വിതരണം ചെയ്തവ പ്രത്യേക വാഹനങ്ങളില്‍ പോലിസ് സുരക്ഷയോടെ പോളിംഗ് ബൂത്തുകളിലെത്തിക്കും. പിറവം നിയോജകമണ്ഡലത്തിലേക്കുള്ള പോളിംഗ് സാമഗ്രികള്‍ നിര്‍മല പബ്ലിക് സകൂളില്‍ വിതരണം ചെയ്തു. രാവിലെ മുതല്‍ നഗരത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. പോലീസ് ഉദ്യോഗസ്ഥരെ കൂടാതെ റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും സുരക്ഷക്കായ് എത്തിയിരുന്നു. നാളെ രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ നാലിന് ഫലം പ്രഖ്യാപിക്കും.

 

Back to top button
error: Content is protected !!