പയര്‍ കൃഷിയില്‍ വിജയം കൊയ്ത് രാഷ്ട്രീയ പാര്‍ട്ടി നേതാവായ ബിനീഷ്

കൂത്താട്ടുകുളം: പയര്‍ കൃഷിയില്‍ വിജയം കൊയ്ത് രാഷ്ട്രീയ പാര്‍ട്ടി നേതാവായ ബിനീഷ്. കൂത്താട്ടുകുളം സിപിഐ ലോക്കല്‍ സെക്രട്ടറിയും എംപിഐ ജീവനക്കാരനുമായ ബിനീഷ് കെ തുളസീദാസ് ഇന്ന് നാടറിയുന്ന നല്ലൊരു കര്‍ഷകനായി മാറിയിരിക്കുകയാണ്.പാരമ്പര്യ കര്‍ഷക കുടുംബത്തിലെ അംഗമാണെങ്കിലും ഈ യുവ കര്‍ഷകന്‍ സ്വന്തമായി കൃഷി ചെയ്യാന്‍ തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. എങ്കിലും തുടക്കക്കാരന്റെ യാതൊരു പകപ്പും ഇല്ലാതെയാണ് ബിനീഷ് തന്റെ കൃഷി മുന്നോട്ട് കൊണ്ടുപോകുന്നത്. വര്‍ഷങ്ങളായി തരിശുകിടക്കുന്ന കിഴകൊമ്പ് ഉള്ളാമ്പടം പാടശേഖരത്തിലെ 80 സെന്റ് സ്ഥലത്താണ് ബിനീഷ് ആദ്യം കൃഷി ഇറക്കിയത്. ഇത് വിജയിച്ചതോടെ ഈ വര്‍ഷം ഒരേക്കറില്‍കൂടി കൃഷിയിറക്കി. കൃഷി വ്യാപിപ്പിച്ചതിനോടൊപ്പം തന്നെ കൃഷിയിനത്തിലും വ്യത്യസ്തത കൊണ്ടുവന്നിട്ടുണ്ട് ഈ കര്‍ഷകന്‍. കാര്‍ഷിക കോളേജില്‍ വികസിപ്പിച്ചെടുത്ത ഉന്നത ഗുണനിലവാരമുള്ള ബീന്‍സ് പയറുകളും കരിമണി പയറുകളുമാണ് ഇവിടെ കൃഷി ചെയ്തിരിക്കുന്നത്. പയറിനൊപ്പം ഇട കൃഷിയായി വെള്ളരിയും വാഴയും ഇടതൂര്‍ന്നു നില്‍ക്കുന്നതും ഇവിടുത്തെ മനോഹരമായ ഒരു കാഴ്ചയാണ്. ചുട്ടുപൊള്ളുന്ന വെയിലിലും കര്‍ഷകര്‍ക്ക് ആശ്വാസമായി എംവിഐപി പദ്ധതിയുടെ ഭാഗമായി മലങ്കരയില്‍ നിന്ന് എത്തുന്ന വെള്ളവും, അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ ചെറിയ കുളവും കൃഷിയിടത്തില്‍ ഒരുക്കിയിട്ടുണ്ട്. ബിനീഷിന്റെ കൃഷിയിടത്തില്‍ എത്തുന്നവര്‍ക്ക് പുതിയിനം പയറിന്റെ രുചി അറിയാനുള്ള അവസരവും ഇദ്ദേഹം ഒരുക്കിയിട്ടുണ്ട്. ഇതിനായി ഒരു കറിക്കുള്ള പയര്‍ ഇവിടെ നിന്നും സൗജന്യമായി നല്‍കും. എട്ട് ഏക്കര്‍ വരുന്ന പാടശേഖരത്തില്‍ ബിനീഷിനെ കൂടാതെ മാറ്റ് കര്‍ഷകരും കൃഷി ചെയ്യുന്നുണ്ട്. ആഴ്ചയില്‍ 1000 കിലോയില്‍ അധികം പയര്‍ ഈ പാടശേഖരത്തില്‍ നിന്ന് വിളവെടുക്കുന്നു. ഈ കര്‍ഷകരുടെ അധ്വാന ഫലത്തിന് നഗരസഭ പരിധിയില്‍ തന്നെ ആവശ്യക്കാര്‍ ഏറെയാണ്. കൃഷിയില്‍ ബിനീഷിനെ സഹായിക്കാന്‍ ഭാര്യ സുജിതയും കൃഷിയിടത്തില്‍ എത്താറുണ്ട്. ഇതിനു പുറമേ മറ്റ് സഹായങ്ങള്‍ക്കായി അന്യസംസ്ഥാന തൊഴിലാളികളും ഒപ്പമുണ്ട്.

Back to top button
error: Content is protected !!