സത്യസന്ധതയോടെ ജനങ്ങളെ സേവിക്കലാണ് എന്റെ ധർമം; എസ്പിയും കോൺ​ഗ്രസും ശ്രമിക്കുന്നത് സ്വന്തം നേട്ടങ്ങൾക്കുവേണ്ടിയെന്ന് മോദി

ന്യൂഡല്‍ഹി:  സമാജ്‌വാദി പാർട്ടിയുടെയും കോൺഗ്രസിൻ്റെയും ഉദ്ദേശങ്ങൾ നല്ലതല്ലെന്നും അവരുടെ മുദ്രാവാക്യങ്ങൾ കള്ളമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുപാർട്ടികളും പ്രവർത്തിക്കുന്നത് അവരുടെ കുടുംബങ്ങൾക്കും അവരുടെ വോട്ട് ബാങ്കുകൾക്കും വേണ്ടി മാത്രമാണ്. എന്നാൽ സത്യസന്ധതയോടെ ജനങ്ങളെ സേവിക്കലാണ് തന്റെ ധർമം. ചിലർ മെയിൻപുരി, കനൗജ്, ഇറ്റാവ എന്നിവയെ തങ്ങളുടെ പൈതൃകമായി കണക്കാക്കുമ്പോൾ മറ്റുചിലർ അമേഠിയെയും റായ്ബറേലിയെയും പൈതൃകമായി കണക്കാക്കുന്നതെന്ന് കോൺ​ഗ്രസിനെയും മോദി വിമർശിച്ചു. യുപിയിലെ ഇറ്റാവയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. ഇന്ത്യാ സഖ്യത്തിലെ അംഗങ്ങളായ എസ്പിയും കോൺഗ്രസും സഖ്യകക്ഷികളായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ‘എസ്പിയും കോൺഗ്രസും തിെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് അവരുടെയും കുട്ടികളുടെയും ഭാവിക്ക് വേണ്ടിയാണ്. അവർ കുടുംബങ്ങൾക്കും വോട്ട് ബാങ്കുകൾക്കും നേട്ടമുണ്ടാക്കാൻ മാത്രമാണ് പ്രവർത്തിക്കുന്നത്’ മോദി ആരോപിച്ചു.‘ മോദി രാജ്യത്തിന് വഴിയൊരുക്കുന്നത് വരുന്ന അഞ്ച് വർഷത്തേക്ക് മാത്രമല്ല, അടുത്ത 25 വർഷത്തേക്കാണ്. മോദിയുടെ പൈതൃകമെന്നാൽ പാവപ്പെട്ടവരുടെ വീടുകളാണ്.കോടിക്കണക്കിന് സ്ത്രീകൾ, ദളിതർ, പിന്നോക്കക്കാർ എന്നിവർക്ക് മോദിസർക്കാർ കക്കൂസ് നൽകി. വൈദ്യുതിയും വീടും വെള്ളവും, പാവപ്പെട്ടവർക്ക് സൗജന്യ റേഷനും സൗജന്യ ചികിത്സയും, കുട്ടികൾക്ക് പുതിയ വിദ്യാഭ്യാസ നയവുമാണ്. ‘ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Back to top button
error: Content is protected !!